Transfers

നെയ്‌മറെ ഒഴിവാക്കാനായാൽ പകരക്കാരനായി പിഎസ്‌ജി ലക്ഷ്യമിടുന്നത് ലാ ലിഗ താരത്തെ

Sreejith N
Paris Saint-Germain Consider Danjuma To Replace Neymar
Paris Saint-Germain Consider Danjuma To Replace Neymar / John Berry/GettyImages
facebooktwitterreddit

കിലിയൻ എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കിയതിനു പിന്നാലെ നെയ്‌മറെ ഫ്രഞ്ച് ക്ലബ് ഒഴിവാക്കാൻ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. 2017ൽ ബാഴ്‌സലോണയിൽ നിന്നും റെക്കോർഡ് ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയ നെയ്‌മർ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താത്തതും നിരന്തരമായ പരിക്കുകളും വിവാദങ്ങളിൽ ഉൾപ്പെടുന്നതുമാണ് പിഎസ്‌ജി താരത്തെ വിൽക്കാൻ പരിഗണിക്കാനുള്ള കാരണം.

നിലവിലെ കരാർ പ്രകാരം ഓരോ സീസണിലും നെയ്‌മറുടെ പ്രതിഫലം കുറയുന്നുണ്ടെന്നാണ് മാർക്കയുടെ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ഒരു വർഷത്തിൽ മുപ്പതു മില്യൺ യൂറോ പ്രതിഫലം വാങ്ങുന്ന താരത്തെ വാങ്ങാൻ കഴിയുന്ന ക്ലബുകൾ വളരെ കുറവാണെന്നത് പിഎസ്‌ജിയെ സംബന്ധിച്ച് വലിയ തിരിച്ചടിയുമാണ്.

അതേസമയം ബ്രസീലിയൻ താരത്തെ വിൽക്കാൻ കഴിഞ്ഞാൽ അതിനു പകരക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ പിഎസ്‌ജിക്ക് വ്യക്തമായ ധാരണയുണ്ട്. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിന്റെ മുന്നേറ്റനിര താരമായ അർനോട്ട് ഡാൻജുമയാണ് നെയ്‌മറുടെ പകരക്കാരനായി പരിഗണിക്കപ്പെടുന്ന താരങ്ങളിൽ പ്രധാനി.

ഇരുപതു മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ വിയ്യാറയലിൽ എത്തിയ ഡാൻജുമ ഈ സീസണിൽ ക്ലബിനൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണിൽ വിയ്യാറയലിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ താരം നിർണായക പങ്കു വഹിച്ചിരുന്നു. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം 53 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസിംഗ് ക്ലോസ്.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കുതിപ്പു കാണിച്ചെങ്കിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാതിരുന്നതിനാൽ വിയ്യാറയലിന് ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടത് നിർബന്ധമാണ്. ഡാൻജുമക്കു പുറമെ പൗ ടോറസിനെയും വിൽക്കാൻ അവർ പരിഗണിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit