Football in Malayalam

എംബാപ്പക്കു പകരക്കാരനായി റൊണാൾഡോയെ ടീമിലെത്തിക്കാൻ പിഎസ്‌ജിയുടെ നീക്കം

Sreejith N
Manchester United v Wolverhampton Wanderers - Premier League
Manchester United v Wolverhampton Wanderers - Premier League / Matthew Ashton - AMA/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കിലിയൻ എംബാപ്പെ ക്ലബ് വിട്ടാൽ പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുന്ന കാര്യം പിഎസ്‌ജി ആലോചിക്കുന്നു. സ്‌പാനിഷ്‌ മാധ്യമമായ മാർക്ക പുറത്തുവിട്ട ഈ റിപ്പോർട്ട് യാഥാർത്ഥ്യമായാൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യമായി ഒരു ടീമിൽ കളിക്കുന്നത് ആരാധകർക്ക് കാണാൻ കഴിയും.

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ പിഎസ്‌ജി നടത്തുന്നുണ്ടെങ്കിലും താരം അതിനോട് അനുകൂല തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുള്ള താരം ഈ സീസണു ശേഷം ഫ്രീ ട്രാൻസ്‌ഫറിൽ സ്പെയിനിലേക്ക് ചേക്കേറാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ പകരക്കാരനെ കണ്ടെത്തേണ്ടത് പിഎസ്‌ജിക്ക് അനിവാര്യമാണ്.

കഴിഞ്ഞ സമ്മർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ റൊണാൾഡോ ക്ലബിനൊപ്പം പൂർണമായും സംതൃപ്‌തനല്ലെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. റാൾഫ് റാങ്നിക്കിന്റെ പദ്ധതികളിൽ താൽപര്യമില്ലാത്തതിനാൽ അടുത്ത സീസണിൽ യുണൈറ്റഡിന്റെ പരിശീലകൻ ആരാകുമെന്ന് അറിഞ്ഞതിനു ശേഷം ക്ലബിൽ തുടരണോ വേണ്ടയോ എന്നു റൊണാൾഡോ തീരുമാനിക്കാനിരിക്കെയാണ് താരത്തിനായി പിഎസ്‌ജി ശ്രമം നടത്തുന്നത്.

സിനദിൻ സിദാൻ അടുത്ത സീസണിൽ പിഎസ്‌ജിയുടെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ റൊണാൾഡോ ഫ്രഞ്ച് ക്ലബിലെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. റൊണാൾഡോയെ മുൻനിർത്തി റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ സിദാൻ നയിക്കുന്ന പിഎസ്‌ജി ടീമിലേക്ക് വരാൻ പോർച്ചുഗീസ് നായകനും പൂർണ്ണസമ്മതം ആയിരിക്കും.

എംബാപ്പെ പിഎസ്‌ജി വിടുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല എന്നിരിക്കെ നിലവിൽ ഇതു സാധ്യതകൾ മാത്രമാണ്. എന്നാൽ അതു യാഥാർഥ്യമായാൽ അത് ലോകഫുട്ബോളിലെ തന്നെ ഒരു ചരിത്രസംഭവമായിരിക്കും എന്നതിൽ യാതൊരു സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit