ലയണൽ മെസിക്ക് കോവിഡ് പോസിറ്റിവ്, താരമടക്കം നാലു പിഎസ്‌ജി കളിക്കാർക്ക് അണുബാധ കണ്ടെത്തി
By Sreejith N

ലോകഫുട്ബോളിലെ സൂപ്പർതാരമായ ലയണൽ മെസിക്ക് കോവിഡ് പോസിറ്റിവാണെന്നു പരിശോധനയിൽ കണ്ടെത്തി. ഇന്നു പിഎസ്‌ജി പുറത്തുവിട്ട മെഡിക്കൽ അപ്‌ഡേറ്റിലാണ് താരത്തിന് കോവിഡ് അണുബാധയേറ്റെന്നു സ്ഥിരീകരിച്ചത്. ലയണൽ മെസിയടക്കം നാല് പിഎസ്‌ജി താരങ്ങൾക്ക് കോവിഡ് പോസിറ്റിവാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ലയണൽ മെസിക്കു പുറമെ യുവാൻ ബെർണറ്റ്, സെർജിയോ റിക്കോ, നഥാൻ ബിടുമസ്‌ല എന്നിവർക്കാണ് കോവിഡ് പരിശോധനാഫലം പോസിറ്റിവായത്. ഇതോടെ ഈ നാല് താരങ്ങളും ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിൽ തുടരേണ്ടി വരും.
PSG confirm Lionel Messi has tested positive for COVID-19 pic.twitter.com/5MeaeqWLUd
— B/R Football (@brfootball) January 2, 2022
ക്രിസ്തുമസുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ അർജന്റീന സന്ദർശിച്ച ലയണൽ മെസി ചില പാർട്ടികളിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് താരത്തിന് കോവിഡ് അണുബാധയേറ്റതെന്നാണ് കരുതേണ്ടത്.
കോവിഡ് അണുബാധയേറ്റെന്നു സ്ഥിരീകരിച്ചതോടെ ജനുവരി 20 വരെയുള്ള പിഎസ്‌ജിയുടെ മത്സരങ്ങൾ താരത്തിനു നഷ്‌ടമാകും എന്നാണു റിപ്പോർട്ടുകൾ. അങ്ങിനെയാണെങ്കിൽ ലിയോൺ, ബ്രെസ്റ്റോയ്‌സ് എന്നീ ടീമുകൾക്ക് എതിരെയുള്ള ലീഗ് മത്സരവും വാന്നീസിന് എതിരെയുള്ള ഫ്രഞ്ച് കോപ്പ മത്സരവുമാണ് മെസിക്ക് നഷ്‌ടമാവുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.