ലയണൽ മെസി ഇനി പിഎസ്ജി താരം, ഔദ്യോഗിക സ്ഥിരീകരണവുമായി ഫ്രഞ്ച് ക്ലബ്


ഒടുവിൽ അതു യാഥാർഥ്യമായി. അർജന്റീനയിൽ നിന്നും കണ്ടെടുത്ത തന്നെ ഒരു പേപ്പർ നാപ്ക്കിനിൽ കരാറെഴുതി സ്വന്തമാക്കിയതിനു ശേഷം ലോകമറിയുന്ന ഫുട്ബോൾ താരമാക്കി മാറ്റിയെടുത്ത ബാഴ്സക്ക് ഇങ്ങോട്ടു ലഭിച്ചതിനേക്കാൾ ഇരട്ടി തിരിച്ചു നൽകിയതിനു ശേഷം ലയണൽ മെസി പ്രൊഫെഷണൽ കരിയറിൽ ആദ്യമായി മറ്റൊരു ടീമിന്റെ ജേഴ്സിയണിയാൻ പോകുന്നു. മെസി ഇനി ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ താരം!
മെസിയുമായി കരാറിൽ ധാരണയിലെത്തിയ വിവരം പിഎസ്ജി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ദിവസങ്ങൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കു കൂടിയാണ് അവസാനമായത്. മെസി ബാഴ്സ വിടുമെന്ന കാര്യം സ്ഥിരീകരിച്ചതു മുതൽ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി തന്നെയായിരുന്നു മുന്നിലെങ്കിലും ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ട്രാൻസ്ഫർ നീക്കങ്ങളെ ബാധിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഔദ്യോഗിക പ്രസ്താവന വന്നതോടെ താരത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകൾക്ക് അവസാനമായിരിക്കയാണ്.
— Paris Saint-Germain (@PSG_English) August 10, 2021
വിവിധ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയുമായുള്ള മെസിയുടെ കരാർ രണ്ടു വർഷത്തേക്കാണ്. അതിനു ശേഷം കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടണോ, അതോ ക്ലബ് വിടണമോയെന്നു താരത്തിനു തന്നെ തീരുമാനിക്കാം. അത്ലറ്റിക് റിപ്പോർട്ട് ചെയ്തത് പ്രകാരം ഫ്രീ ട്രാൻസ്ഫർ ആയതിനാൽ ഇരുപത്തിയഞ്ചു മില്യൺ യൂറോ സൈൻ-ഓൺ ഫീസായി മെസിക്ക് ലഭിക്കും.
പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം പിഎസ്ജിക്കൊപ്പമുള്ള ഓരോ സീസണിലും മുപ്പത്തിയഞ്ചു മില്യൺ യൂറോയാണ് മെസിക്ക് പ്രതിഫലമായി ലഭിക്കുക. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നേരത്തെ തന്നെ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ പിഎസ്ജിയിലേക്ക് ലയണൽ മെസി കൂടിയെത്തുന്നതോടെ ഇരട്ടി കരുത്തരായി ക്ലബ് മാറുമെന്നുറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.