Football in Malayalam

മെസിയെ സ്വന്തമാക്കിയാലും എംബാപ്പയെ നിലനിർത്താൻ കഴിയുമെന്നുറപ്പിച്ച് പിഎസ്‌ജി, താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡ്

Sreejith N
Paris Saint-Germain v FC Barcelona  - UEFA Champions League Round Of 16 Leg Two
Paris Saint-Germain v FC Barcelona - UEFA Champions League Round Of 16 Leg Two / Xavier Laine/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ സൈനിങ്‌ പൂർത്തിയാക്കുന്നതിനു പിന്നാലെ എംബാപ്പയുമായി പുതിയ കരാറൊപ്പിട്ട് താരത്തെയും ടീമിനൊപ്പം നിലനിർത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ പിഎസ്‌ജിക്കുണ്ടെന്ന് റിപ്പോർട്ടുകൾ. അതേസമയം ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കുന്ന ഫ്രഞ്ച് ഫോർവേഡ്, മെസി പിഎസ്‌ജിയിൽ എത്തുന്നതോടെ ടീം വിടാൻ നിർബന്ധിതനാകുമെന്ന ധാരണയിൽ താരത്തെ സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് റയൽ മാഡ്രിഡ്,

ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം പുതിയ കരാർ ഒപ്പിടാൻ കഴിയാതിരുന്ന ലയണൽ മെസി കഴിഞ്ഞ ദിവസമാണ് ബാഴ്‌സയോട് യാത്രാമൊഴി ചൊല്ലിയത്. അതിനിടയിൽ പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത് ഒരു സാധ്യതയാണെന്നു താരം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. യൂറോപ്പിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി ഫ്രഞ്ച് ക്ലബുമായി കരാർ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ മൂലം മെസിയെ സ്വന്തമാക്കിയാൽ പിഎസ്‌ജി ടീമിലെ മറ്റൊരു സൂപ്പർതാരമായ എംബാപ്പയെ ഒഴിവാക്കേണ്ടി വരുമെന്ന വാർത്തകൾ ശക്തമാണെങ്കിലും അതിനെ മറികടക്കാമെന്നും മെസി, നെയ്‌മർ, എംബാപ്പെ സഖ്യത്തെ ഈ സീസണിൽ തന്നെ അണിനിരത്താൻ കഴിയുമെന്നും പിഎസ്‌ജി ഉറച്ചു വിശ്വസിക്കുന്നു എന്നാണു ഗോൾ റിപ്പോർട്ടു ചെയ്യുന്നത്.

നിലവിൽ ടീമിനൊപ്പം നിരവധി സൂപ്പർതാരങ്ങളുള്ളതു കൊണ്ടു തന്നെ മെസി ട്രാൻസ്‌ഫർ ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും ഇക്കാര്യത്തിൽ യുവേഫ തങ്ങളെ സഹായിക്കുമെന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസ് മഹാമാരി ഫുട്ബോൾ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതിനാൽ യുവേഫ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നാണ് ഫ്രഞ്ച് ക്ലബ് ഉറച്ചു വിശ്വസിക്കുന്നത്.

മെസിയുടെ കരാർ പൂർത്തിയായാൽ എംബാപ്പയുടെ പ്രതിനിധികളുമായി പുതിയ കരാർ സംബന്ധിച്ച് ചർച്ചകൾ നടത്താനാണ് പിഎസ്‌ജി ഒരുങ്ങുന്നത്. അതേസമയം താരം പുതിയ കരാർ ഒപ്പിടില്ലെന്നും അങ്ങിനെയാണെങ്കിൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് തന്നെ എംബാപ്പെയെ സ്വന്തമാക്കാമെന്നും റയൽ മാഡ്രിഡ് കരുതുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit