പ്രീ സീസണു ടീമിനൊപ്പം ചേരാനൊരുങ്ങി നെയ്മർ, താരത്തിന്റെ ഫിറ്റ്നസ്സിൽ പിഎസ്ജിക്ക് ആശങ്ക


നിരാശപ്പെടുത്തിയ ഒരു കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ഒഴിവുദിവസങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുന്ന നെയ്മർ പിഎസ്ജിയിലേക്ക് തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. കോപ്പ അമേരിക്കക്കു മുൻപു തന്നെ പിഎസ്ജിയുമായുള്ള കരാർ ദീർഘകാലത്തേക്ക് പുതുക്കിയ താരം ക്ലബിനൊപ്പം ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നു കൂടിയാണ് അതിലൂടെ പ്രഖ്യാപിച്ചത്.
എന്നാൽ നെയ്മറുടെ തിരിച്ചു വരവ് പിഎസ്ജിയിലും ആരാധകരിലും ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനെ അടിസ്ഥാനമാക്കി സ്പാനിഷ് മീഡിയയായ സ്പോർട് വെളിപ്പെടുത്തുന്നത്. ഒഴിവു ദിവസങ്ങൾ ആഘോഷിക്കാൻ പോയ താരത്തിന് ഫിറ്റ്നസ് നഷ്ടമായിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കും ക്ലബിനും ആശങ്കകൾ സമ്മാനിക്കുന്നത്.
Concern at PSG that Neymar will return for preseason out of shape https://t.co/QRCarcMilb
— SPORT English (@Sport_EN) August 3, 2021
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന നെയ്മറുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ചത്. റൊണാൾഡോ, റൊണാൾഡീന്യോ എന്നിങ്ങനെ ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം കരിയറിൽ പുറകോട്ടു പോയ ബ്രസീലിയൻ താരങ്ങളുമായി ശരീരഭാരം കൂടിയ ഇരുപത്തിയൊൻപതുകാരനായ നെയ്മറെ പലരും താരതമ്യം ചെയ്യുകയും ചെയ്തു.
അവധിക്കാലം ആഘോഷിക്കുന്നതിനിടെ ശരീരഭാരം കൂടി ഫിറ്റ്നസ് നഷ്ടമാകുന്നത് താരങ്ങളുടെ പരിക്ക് വർധിപ്പിക്കാനും കാരണമാകാറുണ്ട്. റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനു പിന്നാലെ ഈഡൻ ഹസാർഡിനും സമാനമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. നേരത്തെ തന്നെ പരിക്കിന്റെ പ്രശ്നങ്ങളുള്ള നെയ്മറുടെ കാര്യത്തിൽ ആരാധകരുടെ ആശങ്ക വര്ധിപ്പിക്കുന്നതും ഇതു തന്നെയാണ്.
വരുന്ന സീസണിൽ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കുന്നതിനു വേണ്ടി നിരവധി താരങ്ങളെയെത്തിച്ച് കൂടുതൽ കരുത്തരായ പിഎസ്ജിയെ മുന്നിൽ നിന്നു നയിക്കേണ്ട ചുമതല നെയ്മർക്കു തന്നെയാണ്. സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരം ഫിറ്റ്നസ് തിരിച്ചെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.