മാഴ്സക്കെതിരായ വിജയത്തിൽ ചരിത്രനേട്ടം സ്വന്തമാക്കുന്നതിനരികെ പിഎസ്ജി


ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് മാഴ്സക്കെതിരെ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി പിഎസ്ജി. ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടിയാണ് സ്വന്തം മൈതാനത്ത് പിഎസ്ജി വിജയം കുറിച്ചത്. ഇതോടെ ഫ്രഞ്ച് ലീഗിൽ ആറു മത്സരങ്ങൾ ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള മാഴ്സയെക്കാൾ പതിനഞ്ചു പോയിന്റിന്റെ ലീഡ് നിലനിർത്താൻ പിഎസ്ജിക്കു കഴിഞ്ഞിട്ടുണ്ട്.
മാർക്കോ വെറാറ്റിയുടെ അസിസ്റ്റിൽ നെയ്മർ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടി പിഎസ്ജി മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ഡുജെ കലേറ്റ കാർ ഇരുപതു മിനുട്ടിനകം തന്നെ മാഴ്സയെ ഒപ്പമെത്തിച്ചു. പിന്നീട് ആദ്യപകുതി അവസാനിക്കാൻ നിൽക്കെ നുനോ മെൻഡസിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് എംബാപ്പയാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്.
PSG move 15 points clear of Marseille in Ligue 1 ? pic.twitter.com/73oIn8mUQF
— GOAL (@goal) April 17, 2022
മത്സരത്തിൽ വിജയം നേടിയതോടെ ലീഗ് കിരീടം നേടുന്നതിന്റെ തൊട്ടരികിലാണ് പിഎസ്ജി. ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ നാന്റസിനെതിരെ മാഴ്സ തോൽക്കുകയാണെങ്കിൽ പിഎസ്ജിക്ക് ലീഗ് കിരീടം സ്വന്തമാകും. അതല്ലെങ്കിൽ ആങ്കേഴ്സിനെതിരെ നടക്കുന്ന അടുത്ത മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനും പിഎസ്ജിക്ക് അവസരമുണ്ട്.
കിരീടം നേടിയാൽ പിഎസ്ജിയുടെ പത്താമത്തെ ലീഗ് കിരീടം ആയിരിക്കുമത്. ഇതോടെ ഏറ്റവുമധികം ലീഗ് കിരീടങ്ങളെന്ന റെക്കോർഡിന് ഒപ്പമെത്താനും പിഎസ്ജിക്ക് കഴിയും. നിലവിൽ പത്ത് ഫ്രഞ്ച് ലീഗ് കിരീടങ്ങളുള്ള ഒരേയൊരു ക്ലബ് സൈന്റ്റ് ഏറ്റിയെന്നെയാണ്. പിഎസ്ജി, മാഴ്സ എന്നിവർ 9 കിരീടങ്ങൾ നേടി രണ്ടാം സ്ഥാനത്തുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ നെയ്മറും എംബാപ്പയും ഗോൾ നേടിയപ്പോൾ മുന്നേറ്റനിരയിലെ സൂപ്പർതാരം ലയണൽ മെസിക്ക് വല കുലുക്കാൻ കഴിഞ്ഞിരുന്നില്ല. മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരം നേടിയ രണ്ടു ഗോളുകളും ഓഫ്സൈഡ് ട്രാപ്പിൽ കുടുങ്ങുകയും ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.