Football in Malayalam

റയൽ മാഡ്രിഡ് കാണിക്കുന്നത് ബഹുമാനമില്ലായ്‌മ, അംഗീകരിക്കാൻ കഴിയില്ലെന്ന് പിഎസ്‌ജി ഡയറക്റ്റർ ലിയനാർഡോ

Sreejith N
FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / FRANCK FIFE/Getty Images
facebooktwitterreddit

പ്രസിഡന്റ് ഫ്ലോറന്റീനോ പെരസടക്കം റയൽ മാഡ്രിഡിനെ പ്രതിനിധാനം ചെയ്യുന്നവർ സമീപകാലത്ത് എംബാപ്പയുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണങ്ങൾ താരത്തോടും പിഎസ്‌ജിയോടുമുള്ള ബഹുമാനമില്ലായ്‌മയാണെന്ന് ഫ്രഞ്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ട റായ ലിയനാർഡോ. കഴിഞ്ഞ ദിവസം എംബാപ്പെ റയൽ മാഡ്രിഡിലേക്കെത്തുമെന്ന സൂചനകൾ പെരസ് നൽകിയതിനു പിന്നാലെയാണ് ലിയനാർഡോയുടെ പ്രതികരണം.

ജനുവരിയിൽ എംബാപ്പയുമായി ബന്ധപ്പെട്ട് വലിയൊരു വാർത്ത കേൾക്കാമെന്നാണ് കഴിഞ്ഞ ദിവസം പെരസ് പ്രതികരിച്ചത്. എംബാപ്പെക്ക് ജനുവരിയിൽ മറ്റു ക്ലബുകളുമായി ട്രാൻസ്‌ഫർ ചർച്ചകൾ ആരംഭിക്കാം എന്നിരിക്കെ അതിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്ന് പെരസ് പിന്നീട് വ്യക്തമാക്കിയെങ്കിലും ഇതിനു മുൻപ് ബെൻസിമയും ആൻസലോട്ടിയും എംബാപ്പയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലിയനാർഡോ പ്രതികരിച്ചത്.

"പിഎസ്‌ജിയോടും എംബാപ്പയോടുമുള്ള ബഹുമാനമില്ലായ്‌മയുടെ മറ്റൊരു ഉദാഹരണമാണിത്. ഒരേ ആഴ്‌ചയിൽ റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമ, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, അതിനു ശേഷമിതാ റയൽ മാഡ്രിഡ് പ്രസിഡന്റും അവരുടെ സ്വന്തം താരമെന്നതു പോലെ എംബാപ്പയെക്കുറിച്ച് സംസാരിക്കുന്നു."

"ഞാൻ വീണ്ടുമാവർത്തിക്കുന്നു, ഇതു ബഹുമാനമില്ലായ്‌മ തന്നെയാണ്, അതു സഹിച്ചുകൊണ്ടു നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല," ഫ്രഞ്ച് മാധ്യമമായ എൽ'എക്വിപ്പെയോട് ലിയനാർഡോ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്‌ജി വിടാനുള്ള താൽപര്യം ജൂലൈയിൽ തന്നെ അറിയിച്ചിരുന്നുവെന്നും ഫ്രഞ്ച് ക്ലബ് വിട്ടാൽ റയൽ മാഡ്രിഡിലേക്കു ചേക്കേറാനാണു തീരുമാനിച്ചിരുന്നത് എന്നും എംബാപ്പെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് താരത്തെക്കുറിച്ച് റയൽ മാഡ്രിഡ് പ്രസിഡണ്ട് പ്രതികരിച്ചത്.

എന്തായാലും ഈ സീസൺ അവസാനം വരെ മാത്രം കരാറിൽ ബാക്കിയുള്ള എംബാപ്പെ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്‌ഫറിൽ റയലിലേക്ക് ചേക്കേറാൻ തന്നെയാണ് സാധ്യത. എന്നാൽ താരത്തെ നിലനിർത്താനുള്ള നീക്കങ്ങൾ പിഎസ്‌ജി തുടരുന്നുണ്ട്.


facebooktwitterreddit