Football in Malayalam

എംബാപ്പെ പിഎസ്‌ജി വിടാൻ ആഗ്രഹിക്കുന്നെന്നും, താരത്തെ അതിൽ നിന്ന് തടയില്ലെന്നും വ്യക്തമാക്കി ലിയനാർഡോ

Gokul Manthara
Kylian Mbappe
Kylian Mbappe / LOIC VENANCE/Getty Images
facebooktwitterreddit

തങ്ങളുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കുന്ന ഫ്രഞ്ച് യുവ താരം കെയ്ലിൻ എംബാപ്പെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ്-ജെർമ്മൻ. എംബാപ്പെയെ സ്വന്തമാക്കാൻ രംഗത്തുള്ള റയൽ മാഡ്രിഡ്, അദ്ദേഹത്തിനായി ആദ്യ നീക്കം നടത്തിയതിന് പിന്നാലെയാണ് താരവും ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ക്ലബ്ബ് വിട്ട് പോകുന്നതിൽ നിന്ന് അദ്ദേഹത്തെ തടയില്ലെന്നും പി എസ് ജിയുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയനാർഡോ വ്യക്തമാക്കിയിരിക്കുന്നത്.

"കെയ്ലിൻ എംബാപ്പെ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു. റയൽ മാഡ്രിഡ് അദ്ദേഹത്തിനായി ഒരു ഓഫർ തയ്യാറാക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ വ്യക്തമാണ്‌. ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് ഒരാഴ്ച മുൻപ് ഞങ്ങളുടെ പദ്ധതികൾ മാറ്റാൻ ഞങ്ങൾക്ക് സാധിക്കില്ല. അദ്ദേഹം പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങൾ അവനെ തടയുകയില്ല. എന്നാൽ ഞങ്ങളുടെ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും അത്,'' ലിയനാർഡോ പറഞ്ഞു.

എംബാപ്പെ ക്ലബ്ബിൽ തുടരണമെന്ന് ആഗ്രഹിച്ചിരുന്ന തങ്ങൾ അദ്ദേഹത്തിന് രണ്ട് സുപ്രധാന ഓഫറുകൾ സമർപ്പിച്ചിരുന്നതായും സംസാരത്തിനിടെ ലിയനാർഡോ വ്യക്തമാക്കി. അതിലൊന്ന് സ്ക്വാഡിലെ ഏറ്റവും ഉയർന്ന കളിക്കാരുടെ അതേ തലത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അടുത്തിടെ ഈ കളികാരേക്കാൾ ഉയർന്ന ഓഫറും അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നതായും കൂട്ടിച്ചേർത്തു. എന്നാൽ പി എസ് ജി വിടാൻ തീരുമാനിച്ചുറപ്പിച്ചിരുന്ന എംബാപ്പെ ഈ രണ്ട് ഓഫറുകളും പാടേ നിരസിക്കുകയായിരുന്നുവെന്നാണ് ലിയനാർഡോയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി എംബാപ്പെയെ സ്വന്തമാക്കാൻ രംഗത്തുള്ള റയൽ മാഡ്രിഡ് 160 മില്ല്യൺ യൂറോയെന്ന മികച്ച ഓഫർ അദ്ദേഹത്തിനായി വാഗ്ദാനം ചെയ്തെന്നും എന്നാൽ പി എസ് ജി അത് ഉടൻ തന്നെ നിരസിച്ചുവെന്നുമാണ് ഇന്നലെ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തത്. എംബാപ്പെക്ക് വേണ്ടിയുള്ള ആദ്യ നീക്കം പരാജയപ്പെട്ടെങ്കിലും ഓഫർ തുക വർധിപ്പിക്കാനായാൽ പി എസ് ജി അത് പരിഗണിക്കാൻ തയ്യാറായേക്കുമെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു. എംബാപ്പെ പി എസ് ജി വിടാൻ തയ്യാറെടുത്തു കഴിഞ്ഞെന്നുള്ള പി എസ് ജിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നിരിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം ഇക്കുറി ഏത് വിധേനയും റയലിലെത്തുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit