Football in Malayalam

പൊച്ചറ്റീനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുമെന്ന കാര്യത്തില്‍ പ്രതികരിച്ച് പി.എസ്.ജി മേധാവി

Haroon Rasheed
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്ന പേരായിരുന്നു പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോയുടേത്. എന്നാല്‍ പൊച്ചറ്റീനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോവുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പി.എസ്.ജിയുടെ ബ്രസീലിയന്‍ സ്‌പോര്‍ടിങ് ഡയറക്ടര് ലിയനാര്‍ഡോ. പൊച്ചറ്റീനോയെ ടീമില്‍ നിന്ന് വിടാൻ തങ്ങൾക്ക് ഒരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സിദാനുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും പറഞ്ഞു.

സോള്‍ഷ്യാറെ പുറത്താക്കുന്നിതന് മുന്‍പും ശേഷവും പൊച്ചറ്റീനോയെ യുണൈറ്റഡ് ലക്ഷ്യമിടുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ക്ലബ് ഡയറക്ടറുടെ പ്രതികരണം. അതിനിടെ ജര്‍മന്‍ സ്വദേശിയായ റാഫ് റാങ്നിക്കിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താല്‍ക്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്.

പി.എസ്.ജി ഭാരവാഹികള്‍ സിദാനുമായി സംസാരിച്ചിട്ടുണ്ടെന്നും പൊച്ചറ്റീനോയെ ക്ലബ് വിടാന്‍ അനുവദിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനോട് സംസാരിക്കുമ്പോൾ ലിയനാർഡോ വ്യക്തമാക്കി. പൊച്ചറ്റീനോക്ക് എല്ലാ പിന്തുണയും ക്ലബ് നല്‍കുന്നുണ്ടെന്നും സിദാനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"മൗറിസിയോ പൊച്ചറ്റീനോ ക്ലബ് വിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം ക്ലബ് വിടാന്‍ വേണ്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് വേണ്ടി ആരും ബന്ധപ്പെട്ടിട്ടില്ല," ലിയനാര്‍ഡോ വ്യക്തമാക്കി.

"ഞങ്ങള്‍ കളിക്കാരന്‍, കോച്ച് എന്ന നിലയില്‍ വളരെ ബഹുമാനിക്കുന്നയാളാണ് സിദാന്‍, ഞാന്‍ വ്യക്തമായി പറയുന്നു, ഇതുവരെ സിദാനുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും നടന്നില്ല, പാരിസിലെ ആഡംബര ഹോട്ടലില്‍ പി.എസ്.ജി അധികൃതര്‍ സിദാനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പരിഹാസ്യമാണ്," ലിയനാര്‍ഡോ കൂട്ടിച്ചേര്‍ത്തു.


facebooktwitterreddit