Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ പൊച്ചറ്റീനോ കാണിക്കുന്ന താല്പര്യത്തിൽ പിഎസ്ജി ചെയർമാന് കടുത്ത അതൃപ്തി

Gokul Manthara
Paris Saint Germain v FC Nantes - Ligue 1 Uber Eats
Paris Saint Germain v FC Nantes - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ഒലെ‌ ഗുണ്ണാർ സോൾഷെയർക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ മൗറീസിയോ പൊച്ചറ്റീനോക്കുള്ള താല്പര്യത്തിൽ പിഎസ്ജി ചെയർമാൻ നാസർ എൽ ഖെലൈഫിക്ക് കടുത്ത അതൃപ്തിയെന്ന് സൂചന‌. സോൾഷെയർക്ക് പകരം ക്ലബ്ബിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നവരിൽ പ്രധാനിയാണ് പൊച്ചറ്റീനോയെന്നും, നിലവിൽ പിഎസ്ജിയുടെ പരിശീലകനായ അദ്ദേഹത്തിന് യുണൈറ്റഡിന്റെ പരിശീലകനാവാൻ താല്പര്യമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ഇക്കാര്യങ്ങളിൽ നാസർ അൽ ഖെലൈഫിക്കുള്ള അസന്തുഷ്ടി പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ വാട്ഫോഡിനെതിരായ കടുത്ത പരാജയത്തിന് ശേഷമായിരുന്നു സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ പുതിയ പരിശീലകനായുള്ള അന്വേഷണം അവർ ആരംഭിക്കുകയും ചെയ്തു. ഈ സ്ഥാനത്തേക്ക് പല പ്രമുഖ പരിശീലകരേയും അവർ നോട്ടമിടുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ഉൾപ്പെടെയുള്ളവർക്കുള്ള താല്പര്യം പൊച്ചട്ടീനോയെ പരിശീലകനാവാനുള്ള സാധ്യതകളിൽ മുന്നിൽ നിർത്തുന്നു. ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേൽക്കാൻ താൻ താല്പര്യപ്പെടുന്നുണ്ടെന്ന് പൊച്ചട്ടീനോയുമായി അടുത്ത വൃത്തങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിനെ അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു.

പൊച്ചട്ടീനോയെ തങ്ങളുടെ പുതിയ പരിശീലകനായെത്തിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹം പിഎസ്ജി വിടാൻ തയ്യാറായേക്കുമെന്ന് ഫ്രഞ്ച് ക്ലബ്ബിന്റെ പ്രസിഡന്റായ നാസർ അൽഖെലൈഫിക്ക് അറിയാം. എന്നാൽ ഈ അവസ്ഥയിൽ അദ്ദേഹം സന്തുഷ്ടനല്ലെന്നാണ് 90Min ന് ലഭിക്കുന്ന സൂചന. പൊച്ചട്ടീനോക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിക്കുകയാണെങ്കിൽ അദ്ദേഹത്തെ വിട്ടു നൽകാൻ വമ്പൻ നഷ്ടപരിഹാരം പിഎസ്ജി ചെയർമാൻ അവരോട് ആവശ്യപ്പെടുമെന്നാണ് സൂചനകൾ. എന്തായാലും പൊച്ചട്ടീനോയെ അത്രയെളുപ്പത്തിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയില്ലെന്ന് ചുരുക്കം.

അതേ സമയം പൊച്ചട്ടീനോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹത്തിന് പകരക്കാരനായി സിനദിൻ സിദാനെ തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ടു വരാൻ നാസർ അൽ ഖെലൈഫി താല്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്‌. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit