Football in Malayalam

പിഎസ്‌ജി ഭീഷണിയല്ല, ബയേൺ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഒഴിവാക്കേണ്ടത് രണ്ടു ടീമുകളെയെന്നു മുൻ താരം ദിദി ഹമൻ

Sreejith N
RC Lens v Paris Saint-Germain - Ligue 1
RC Lens v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ഭീഷണിയുയർത്താൻ പിഎസ്‌ജിക്കു കഴിയില്ലെന്ന് ജർമൻ ക്ലബിന്റെ മുൻ മധ്യനിര താരമായ ദിദി ഹമൻ. ബയേൺ മ്യൂണിക്ക് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് കടക്കുകയും പിഎസ്‌ജി മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്‌തതോടെ പ്രീ ക്വാർട്ടറിൽ ഈ രണ്ടു ക്ലബുകളും തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

ലയണൽ മെസി, എംബാപ്പെ, നെയ്‌മർ തുടങ്ങിയ ലോകോത്തര താരങ്ങൾ പിഎസ്‌ജിക്കൊപ്പം ഉണ്ടെങ്കിലും ആ മുന്നേറ്റനിരക്ക് കൃത്യമായി പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഹമൻ പറയുന്നത്. അതേസമയം രണ്ടു ടീമുകളെ പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് വളരെയധികം സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി മുന്നേറിയ ചെൽസി, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബുകളെ സംബന്ധിച്ചാണ് ഹമൻ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

"ബയേൺ മ്യൂണിക്കും പിഎസ്‌ജിയും തമ്മിൽ മത്സരം നടക്കുന്നത് തീർച്ചയായും കാണാൻ വളരെ മികച്ചതു തന്നെയായിരിക്കും. പക്ഷെ നെയ്‌മർ, എംബാപ്പെ, മെസി എന്നീ മുന്നേറ്റനിരയുമായാണ് അവർ ഇറങ്ങുന്നതെങ്കിൽ ബയേണിന് ഭീഷണിയാവാൻ കഴിയുമെന്നു തോന്നുന്നില്ല. മൂന്നു പേർക്കും കളിക്കണം, അവർ കളിക്കും, എന്നാൽ അതൊരിക്കലും ശരിയാവുകയുമില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടീമെന്ന നിലയിൽ അമാനുഷികമായ പ്രതിരോധം നടത്തിയാണ് അവർ വിജയിച്ചത്."

"എന്നാൽ റോബർട്ട് ലെവൻഡോസ്‌കിയും ലയണൽ മെസിയും തമ്മിൽ ശരിക്കും കണ്ടു മുട്ടിയാൽ ബാലൺ ഡി ഓർ ജേതാവിന് ആരാണ് നിലവിലെ മികച്ച താരമെന്നു മനസിലാക്കി നൽകാൻ ലെവൻഡോസ്‌കിക്ക് കഴിയും," സ്കൈ സ്‌പോർട്സ് ജർമനിയോട് ഹമാൻ പറഞ്ഞു.

"ചെൽസിക്കൊപ്പം അത്ലറ്റികോ മാഡ്രിഡുമാണ് ബയേൺ മ്യൂണിക്കിനു എതിരാളികളായി വരരുതെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. അവരെ ഞാൻ ഈ വർഷം രണ്ടു തവണ കണ്ടിരുന്നു, ടീം മികച്ച പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. ഇടയിൽ വെച്ച് അവർ എന്താണ് മോശമായിപ്പോയതെന്ന് എനിക്കു വിശദീകരിക്കാൻ കഴിയുന്നില്ല." ഹമാൻ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit