ഗോൾ നേടാനാവാത്തത് നാണക്കേട്, റെന്നസിനെതിരായ പരാജയത്തിൽ കടുത്ത നിരാശയെന്നും പി എസ് ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോ

റെന്നസിനെതിരായ ലീഗ് വൺ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയത് തങ്ങളെ വളരെയധികം നിരാശപ്പെടുത്തുന്നുണ്ടെന്ന് പി എസ് ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോ. തുറന്ന മത്സരമായിരുന്നു റെന്നസിനെതിരെയുണ്ടായിരുന്നതെന്ന് പറഞ്ഞ പൊച്ചട്ടീനോ മത്സരത്തിൽ ഗോളുകളൊന്നും നേടാൻ കഴിയാതിരുന്നത് ലജ്ജാകരമാണെന്നും, ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാതിരുന്നതിന് ടീമിലെ എല്ലാവരും ഉത്തരവാദികളാണെന്നും കൂട്ടിച്ചേർത്തു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി എസ് ജി ബോസ്.
"ലീഗ് വണിൽ ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച 25-30 മിനുറ്റുകളായിരുന്നു ആദ്യ പകുതിയിലുണ്ടായിരുന്നത്. ഞങ്ങൾ സ്കോർ ചെയ്യാത്തത് നാണക്കേടാണ്. ഇതൊരു തുറന്ന മത്സരമായിരുന്നു. രണ്ടാമത്തേത് പോലത്തെ ഗോൾ ഏറ്റുവാങ്ങുന്നത് വേദനിപ്പിക്കുന്നതാണ്. പി എസ് ജിക്ക് ഇതു പോലത്തെ തെറ്റുകൾ താങ്ങാനാവില്ല." മൗറീസിയോ പൊച്ചട്ടീനോ.
മത്സരത്തിൽ പരാജയപ്പെട്ടതിൽ തങ്ങൾ ദുഖിതരാണെന്ന് ചൂണ്ടിക്കാട്ടുന്ന പൊച്ചട്ടീനോ പക്ഷേ തങ്ങൾ തങ്ങളുടെ ജോലി തുടർന്നു കൊണ്ടേയിരിക്കണമെന്നും കൂട്ടിച്ചേർത്തു. ഇത്തരത്തിലൊരു പ്രതികൂല ഫലത്തിന് ശേഷം ടീം സ്വയം വിമർശനം നടത്തണമെന്നും സംസാരത്തിനിടെ പൊച്ചട്ടീനോ വ്യക്തമാക്കി.
"ഈയൊരു പ്രതികൂല ഫലത്തിന് ശേഷം ഞങ്ങൾ സ്വയം വിമർശനം നടത്തണം. ഞങ്ങൾക്ക് സംതൃപ്തരാവാൻ കഴിയില്ല. കളിക്കാനുള്ള ശരിയായ മാർഗം, സന്തുലിതാവസ്ഥ എന്നിവ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും." പൊച്ചട്ടീനോ പറഞ്ഞു നിർത്തി.
അതേ സമയം ലീഗ് വണ്ണിൽ ഇക്കുറി കളിച്ച എട്ട് മത്സരങ്ങളിലും വിജയം നേടിയതിന്റെ ആത്മവിശ്വാസമായെത്തിയ പി എസ് ജിയെ, തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിലായിരുന്നു റെന്നസ് മറുപടിയില്ലാത്ത 2 ഗോളുകൾക്ക് വീഴ്ത്തിയത്. മത്സരത്തിൽ പരാജയപ്പെട്ടതിനേക്കാൾ മെസി, നെയ്മർ, എംബാപ്പെ എന്നിവരടങ്ങുന്ന ലോകോത്തര മുന്നേറ്റ നിരക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല എന്നതാണ് പി എസ് ജി ആരാധകരെ നിരാശരാക്കുന്നത്.