Transfers

മെസിയെക്കുറിച്ച് സംസാരിക്കരുതെന്ന് പിഎസ്‌ജിയുടെ വിലക്ക്, വെളിപ്പെടുത്തലുമായി അർജന്റീനിയൻ താരം പരഡെസ്

Sreejith N
Argentina  v Venezuela  -International Friendly
Argentina v Venezuela -International Friendly / Soccrates Images/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ ട്രാൻസ്‌ഫർ സംബന്ധിച്ച വാർത്തകൾ കുറച്ചു കാലമായി ഫുട്ബോൾ ലോകത്ത് സജീവമാണ്. ഈ സീസണോടെ ബാഴ്‌സലോണയുമായി കരാർ അവസാനിക്കുന്ന താരം കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ് വിടാനൊരുങ്ങിയതാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായത്. ബാഴ്‌സലോണ വിടുകയാണെങ്കിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കോ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ആണ് താരം ചേക്കേറാൻ സാധ്യത.

മെസിയെ ടീമിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പിഎസ്‌ജി കുറച്ചു കാലമായി ചെയ്‌തു കൊണ്ടിരിക്കുന്നുണ്ട്. പിഎസ്‌ജി താരങ്ങളും ക്ലബ് നേതൃത്വത്തിലെ ചിലരും താരത്തെ ഫ്രാൻസിലേക്ക് ക്ഷണിച്ച് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ മെസിയെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും കളിക്കാരെ പിഎസ്‌ജി വിലക്കിയിട്ടുണ്ടെന്നാണ് അർജന്റീനിയൻ താരമായ പരഡെസ് പറയുന്നത്.

ലെ ജേർണൽ ഡു ഡിമാൻഷെയെന്ന മാധ്യമത്തോട് സംസാരിക്കുമ്പോൾ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പരഡെസ്. "ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തരുതെന്ന് പിഎസ്‌ജി നിർദ്ദേശിച്ചിട്ടുണ്ട്. മെസിയെക്കുറിച്ചുള്ള എന്റെ അഭിപ്രായം പലർക്കും ഇഷ്ടമാകില്ല. അതു മര്യാദകേടായി പലരും കാണാനിടയുണ്ട്, അങ്ങിനെയൊന്നുമല്ലെങ്കിലും." പരഡെസ് പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

മെസി തന്റെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനം എടുക്കുമെന്നും താരത്തിന് അതിനു പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ബാഴ്‌സലോണ താരവുമായി മികച്ച ബന്ധമുള്ള പരഡെസ് പറഞ്ഞു. നേരത്തെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ മെസിയെക്കുറിച്ച് പിഎസ്‌ജി താരങ്ങൾ സംസാരിക്കുന്നത് മര്യാദകേടാണെന്ന് പറഞ്ഞിരുന്നു. മറ്റൊരു ടീമിന്റെ കളിക്കാരനെ കുറിച്ച് സംസാരിക്കുന്നത് താരത്തിന്റെ പ്രകടനത്തിൽ വരെ സ്വാധീനം ചെലുത്തുമെന്നാണ് കൂമാൻ പറഞ്ഞത്.

അതേസമയം പുതിയ പ്രസിഡന്റായി ലപോർട്ട എത്തിയത് മെസിയുടെ ഭാവിയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. അർജന്റീനിയൻ താരത്തെ നിലനിർത്താനുള്ള പദ്ധതികൾ ലപോർട്ട ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സക്ക് കനത്ത വെല്ലുവിളിയാകുന്നത്.

facebooktwitterreddit