എംബാപ്പെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതു വരെ ഹാലൻഡിനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ട് പിഎസ്ജി


വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരുകൾ കിലിയൻ എംബാപ്പെ, എർലിങ് ബ്രൂട് ഹാലൻഡ് എന്നിവരുടേതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പയെയും റിലീസിംഗ് ക്ലോസ് നിലവിൽ വരുന്ന എർലിങ് ഹാലൻഡിനെയും വട്ടമിട്ട് യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഇപ്പൊൾ തന്നെ സജീവമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടുകയെന്ന തിരിച്ചടിയാണ് പിഎസ്ജിയെ കാത്തിരിക്കുന്നത്. എന്നാൽ ഫ്രഞ്ച് താരത്തിന്റെ അഭാവം ഡോർട്മുണ്ട് സ്ട്രൈക്കറെ ടീമിലെത്തിച്ച് പരിഹരിക്കാനുള്ള പദ്ധതിയിലാണ് പിഎസ്ജിയെന്നും അതിനായി എംബാപ്പെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുന്നതു വരെ കാത്തിരിക്കാൻ നോർവേ താരത്തോടവർ ആവശ്യപ്പെട്ടുവെന്നും സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
Paris Saint-Germain ask Haaland to wait until Mbappe makes decision https://t.co/50zGKewYZv
— SPORT English (@Sport_EN) February 20, 2022
ഈ സീസണു ശേഷം കരാർ അവസാനിക്കുമെങ്കിലും തന്റെ ഭാവിയെ സംബന്ധിച്ച് നിലവിൽ ഒരു തീരുമാനവും എംബാപ്പെ എടുത്തിട്ടില്ല. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനും പിഎസ്ജിയിൽ തന്നെ തുടരാനും ഒരുപോലെ സാധ്യതയുള്ള താരത്തെ ക്ലബിൽ നിലനിർത്താനാണ് പിഎസ്ജി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് രണ്ടു വർഷത്തേക്കുള്ള കരാർ അവർ വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
എന്നാൽ കരാർ വാഗ്ദാനം തള്ളിക്കളഞ്ഞ് എംബാപ്പെ പിഎസ്ജി വിട്ടാൽ അതിനു പകരം ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളെ ടീമിലെത്തിക്കണമെന്നാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. ഖത്തറിലുള്ള പിഎസ്ജിയുടെ ഉടമകൾ ഇക്കാര്യം ക്ലബ് പ്രസിഡന്റ് അടക്കമുള്ളവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഹാലൻഡിനോട് എംബാപ്പെ തീരുമാനം എടുക്കുന്നതു വരെ കാത്തിരിക്കാൻ പിഎസ്ജി ആവശ്യപ്പെട്ടത്.
അതേസമയം പിഎസ്ജിയിലേക്ക് ഹാലാൻഡ് ചേക്കേറാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് എല്ലാ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബുകളെ കൂടുതൽ പരിഗണിക്കുന്ന ഹാലൻഡിന്റെ പിതാവ് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു എന്നതിനാൽ എത്തിഹാദിലേക്കും താരം ചേക്കേറാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.