പിഎസ്ജി അടിമുടി മാറും, ലിയനാർഡോക്കു പകരക്കാരനായി ലൂയിസ് കാമ്പോസ് വരുന്നു


സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോക്കു പകരം പിഎസ്ജി ലൂയിസ് കാമ്പോസിനെ നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പുറത്തു വിട്ട ഇക്കാര്യം ആർഎംസി സ്പോർട്ട്, എൽ'എക്വിപ്പെ എന്നിങ്ങനെയുള്ള ഫ്രാൻസിലെ തന്നെ മാധ്യമങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അൻപത്തിയേഴുകാരനായ പോർച്ചുഗീസ് സ്വദേശിയായ ലൂയിസ് കാമ്പോസ് തന്റെ സ്കൗട്ടിങ്. റിക്രൂട്ടിങ് മികവിന്റെ പേരിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട കളിക്കാരനാണ്. മൗറീന്യോ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സമയത്ത് സ്കൗട്ട് ആയിരുന്ന കാമ്പോസ് മൊണാക്കോ, ലില്ലെ, സെൽറ്റ വീഗൊ എന്നീ ക്ലബുകളിൽ സ്പോർട്ടിങ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നുറപ്പിച്ച കിലിയൻ എംബാപ്പെ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയതിനു പിന്നാലെയാണ് ലിയനാർഡോ ക്ലബിൽ നിന്നും പുറത്താകുമെന്ന സാഹചര്യം വരുന്നത്. ലിയനാർഡോയും എംബാപ്പയും തമ്മിൽ മികച്ച ബന്ധമില്ലാത്തതിനാൽ കരാർ പുതുക്കാൻ ഫ്രഞ്ച് താരം ലിയനാർഡോയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളും ശക്തമാണ്.
കാമ്പോസ് ചുമതല ഏറ്റെടുക്കുന്നതോടെ ഈ സമ്മറിൽ പിഎസ്ജി ടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ക്ലബിന്റെ ഭാവിയെ മികച്ചതാക്കാൻ വേണ്ടിയുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുകയെന്നും മുൻ പിഎസ്ജി ഡയറക്റ്റർ അന്റെരോ ഹെൻറിക് അദ്ദേഹത്തെ സഹായിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ലെ പാരീസിയൻ തന്നെ വെളിപ്പെടുത്തുന്നതു പ്രകാരം നാല് ടീമിന്റെ നാല് പൊസിഷനിലേക്കാണ് കാമ്പോസ് പുതിയ താരങ്ങളെ നോട്ടമിടുന്നത്. ഒരു സെൻട്രൽ ഡിഫൻഡർ, രണ്ടു മധ്യനിര താരങ്ങൾ, ഒരു ഫോർവേഡ് എന്നീ പൊസിഷനിലേക്ക് ടീമിലെ താരങ്ങൾ ഒഴിവാകുന്നതിനനുസരിച്ച് പുതിയ താരങ്ങളെ എത്തിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.