Football in Malayalam

പിഎസ്‌ജിക്കും മൗറീന്യോക്കും എന്നെ വേണമായിരുന്നു, ട്രാൻസ്‌ഫർ ഓഫറുകളെക്കുറിച്ച് വെളിപ്പെടുത്തി ചെൽസി താരം

Sreejith N
Chelsea v Manchester United - Premier League
Chelsea v Manchester United - Premier League / Pool/Getty Images
facebooktwitterreddit

പിഎസ്‌ജി, ടോട്ടനം ഹോസ്പർ എന്നീ ക്ലബുകളിൽ നിന്നും തനിക്ക് ട്രാൻസ്‌ഫർ ഓഫറുകളുണ്ടായിരുന്നു എന്നു വെളിപ്പെടുത്തി ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗർ. ചെൽസിയുടെ മുൻ പരിശീലകനായ ഫ്രാങ്ക് ലംപാർഡിനു കീഴിൽ പ്രതിരോധനിരയിൽ അഞ്ചാം സ്ഥാനത്തേക്കു വീണ താരം ഇപ്പോൾ ടുഷൽ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷമാണ് ടീമിലെ സ്ഥിര സാന്നിധ്യമായത്.

ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞിരുന്ന സമയത്താണ് റുഡിഗറിന് വേണ്ടി ക്ലബുകൾ ശ്രമം നടത്തിയിരുന്നത്. പിഎസ്‌ജിക്കും ടോട്ടനം ഹോസ്പറിനും പുറമെ ബാഴ്‌സലോണ, റോമ, എസി മിലാൻ എന്നീ ക്ലബുകൾക്കും ജർമൻ താരത്തിൽ താൽപര്യമുണ്ടായിരുന്നു. യൂറോ കപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ വേണ്ടി ചെൽസി വിടാൻ റുഡിഗർക്കു താൽപര്യമുണ്ടായിരുന്നെങ്കിലും ടുഷൽ പരിശീലകനായതോടെ താരത്തിന്റെ സാഹചര്യത്തിൽ മാറ്റമുണ്ടാവുകയായിരുന്നു.

"ചില കാര്യങ്ങൾ നമ്മൾ മുൻകൂട്ടി കാണും. എന്നാൽ ലംപാർഡിന്റെ സ്‌ക്വാഡിൽ എനിക്ക് ഇടമുണ്ടാകില്ലെന്നത് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഞാനതിനെ ധൈര്യത്തോടെയാണ് സമീപിച്ചത്. രണ്ടു ടീമുകൾക്ക് എന്നെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു, ഞാനത് പരിഗണിക്കുകയും ചെയ്‌തിരുന്നു.

"അത് പിഎസ്‌ജിയും മൗറീന്യോയുമായിരുന്നു. എന്നാൽ അതുപോലെയൊന്നും സംഭവിച്ചില്ല. ടുഷലിനൊപ്പവും അത് സംഭവിച്ചില്ല. എങ്കിലും അവസരങ്ങൾ ലഭിക്കാത്തതിൽ എനിക്ക് അസ്വസ്ഥതയുണ്ടായിരുന്നു. അതു ലംപാർഡിന്റെ സഹപരിശീലകനോട് സൂചിപ്പിച്ചപ്പോൾ ഞാൻ ടീമിലേക്ക് തിരിച്ചെത്തി, പക്ഷെ സ്ഥാനം ബെഞ്ചിലായിരുന്നു.

"ചില മത്സരങ്ങളിൽ എനിക്ക് അവസരം ലഭിക്കുകയും ഞാൻ തിരിച്ചു വരാൻ ശ്രമിക്കുകയും ചെയ്‌തു. ലംപാർഡിന്റെ അവസാന സമയങ്ങളിൽ ഞാൻ മൈതാനത്തിറങ്ങിയിരുന്നു. ഇപ്പോൾ എല്ലാം നന്നായി പോകുന്നു, ഞാനതിൽ വളരെ സന്തോഷവാനാണ്," മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റുഡിഗർ വ്യക്തമാക്കി.

റുഡിഗർക്ക് പുറമെ ചെൽസി പ്രതിരോധനിരയിലെ താരങ്ങളായ ക്രിസ്റ്റിൻസെൻ, ആസ്പ്ലികുയറ്റ എന്നിവരുടെ കരാർ 2022ൽ അവസാനിക്കാനിരിക്കയാണ്. മറ്റൊരു പ്രതിരോധതാരമായ തിയാഗോ സിൽവയുടെ കരാർ ഈ സീസണോടെ അവസാനിക്കുമെങ്കിലും അത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഉടമ്പടിയുണ്ട്.

facebooktwitterreddit