Transfers

ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണക്കു കഴിഞ്ഞില്ലെങ്കിൽ താരത്തെ സ്വന്തമാക്കാൻ ചെൽസിയും പിഎസ്‌ജിയും രംഗത്ത്

Sreejith N
Chelsea And PSG Will Move For Lewandowski If Barcelona Transfer Collapse
Chelsea And PSG Will Move For Lewandowski If Barcelona Transfer Collapse / RONNY HARTMANN/GettyImages
facebooktwitterreddit

കഴിഞ്ഞ കുറെ സീസണുകളായി യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്. ജർമൻ ക്ലബ് വിടാനുള്ള താൽപര്യം നേരത്തെ അറിയിച്ച പോളണ്ട് താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ഒരുങ്ങുന്നതെങ്കിലും ബയേൺ മ്യൂണിക്ക് ആവശ്യപ്പെട്ട തുക ഇതുവരെയും നൽകാൻ കാറ്റലൻ ക്ലബിനു കഴിഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സക്ക് ടീമിലുള്ള ഏതാനും താരങ്ങളെ ഒഴിവാക്കിയാലേ ബയേൺ മ്യൂണിക്കിൽ നിന്നും ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ കഴിയൂ. എന്നാൽ ബാഴ്‌സലോണ വിൽക്കാൻ കരുതിയിരുന്ന താരങ്ങളുടെ ട്രാൻസ്‌ഫർ നീണ്ടു പോകുന്നതിനാൽ ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ബാഴ്‌സലോണയിലേക്കുള്ള ലെവൻഡോസ്‌കിയുടെ ട്രാൻസ്‌ഫർ നടന്നില്ലെങ്കിൽ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും രംഗത്തുണ്ടെന്നാണ് ജർമൻ മാധ്യമമായ ബിൽഡിന്റെ ജേർണലിസ്റ്റായ ക്രിസ്റ്റ്യൻ ഫാൽക്ക് വെളിപ്പെടുത്തുന്നത്. എന്നാൽ ലെവൻഡോസ്‌കി നിലവിൽ ബാഴ്‌സലോണയെ മാത്രമാണ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണ ട്രാൻസ്‌ഫർ നടന്നില്ലെങ്കിൽ ലെവൻഡോസ്‌കി കൂടുതൽ പരിഗണിക്കുക ചെൽസിയെയാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്ക് ലോണിൽ ചേക്കേറിയതിനാൽ ചെൽസിക്ക് ഒരു സെൻട്രൽ സ്‌ട്രൈക്കറെ അത്യാവശ്യമാണ്. കഴിഞ്ഞ സമ്മറിലും റോബർട്ട് ലെവൻഡോസ്‌കിക്കു വേണ്ടി ചെൽസി ശ്രമം നടത്തിയിരുന്നു.

അതേസമയം ക്രിസ്റ്റൻസെൻ, കെസീ എന്നിവരുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കി റഫിന്യയെയും സ്വന്തമാക്കാനൊരുങ്ങുന്ന ബാഴ്‌സലോണക്ക് റോബർട്ട് ലെവൻഡോസ്‌കിയെ കൂടി ടീമിലെത്തിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ക്ലബ് പ്രസിഡന്റായ ലപോർട്ട നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങൾ അതിനു സഹായം നൽകുമെന്നും അവർ കരുതുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit