പരഡെസിനു പരിക്ക്, ബ്രസീലിനോടുള്ളതടക്കം അർജന്റീനയുടെ നവംബറിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്‌ടമാകും

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / MAURO PIMENTEL/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അടുത്ത മാസം വമ്പൻ ടീമുകളെ നേരിടാൻ ഒരുങ്ങിയിരിക്കെ അർജന്റീനക്ക് തിരിച്ചടി നൽകി പിഎസ്‌ജി താരം ലിയനാർഡോ പരഡെസിനു പരിക്ക്. തുടക്കു പരിക്കേറ്റ മധ്യനിര താരം അടുത്ത മാസം നടക്കുന്ന ഇന്റർനാഷണൽ ബ്രേക്ക് കഴിയുന്നതു വരെ കളിക്കളത്തിലേക്ക് തിരിച്ചു വരില്ലെന്ന് പിഎസ്‌ജി തന്നെയാണ് സ്ഥിരീകരിച്ചത്.

അടുത്ത മാസം പതിനൊന്നിനു യുറുഗ്വായ്‌ക്കെതിരെയും അതിനു ശേഷം പതിനാറിന് ബ്രസീലിനെതിരെയുമാണ് അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. ആദ്യത്തെ മത്സരം യുറുഗ്വായിൽ വെച്ചും ബ്രസീലിനെതിരെ അർജന്റീനയിൽ വെച്ചും കളിക്കണമെന്നിരിക്കെയാണ് ആശങ്കയായി പരഡെസിനു പരിക്കേൽക്കുന്നത്.

അർജന്റീന പരിശീലകനായ സ്‌കലോണിയുടെ പദ്ധതികളിൽ നിർണായക സാന്നിധ്യമാണ് പിഎസ്‌ജി താരം. വളരെക്കാലമായി അർജന്റീനയുടെ ആദ്യ ഇലവനിൽ ഡി പോൾ, ലോ സെൽസോ എന്നിവർക്കൊപ്പം സ്ഥിരമായി ഇടം പിടിക്കുന്ന താരത്തിനു നിർണായകമായ രണ്ടു പോരാട്ടങ്ങൾ നഷ്‌ടപ്പെടുന്നത്‌ മധ്യനിരയിൽ ടീമിനുള്ള ആധിപത്യത്തിനു കോട്ടം വരുത്തുമെന്നതിൽ സംശയമില്ല.

2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റതിനു ശേഷം പിന്നീട് ഇരുപത്തിയഞ്ചു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയാണ് അർജന്റീന നിൽക്കുന്നത്. കരുത്തരായ രണ്ടു ടീമുകളെ നേരിടാനിരിക്കെ ടീമിലെ പ്രധാന താരത്തിനു പരിക്കു പറ്റിയത് ഈ കുതിപ്പ് അവസാനിക്കാൻ കാരണമാകുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

പിഎസ്‌ജിയെ സംബന്ധിച്ചും പരഡെസിന്റെ അസാന്നിധ്യം വലിയ തിരിച്ചടിയാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലീപ്‌സിഗിനെ നേരിടാൻ തയ്യാറെടുക്കുന്ന അവർ അതിനു ശേഷം മാഴ്‌സ, ലില്ലെ എന്നീ കരുത്തരായ ടീമുകൾക്കെതിരെയാണ് ലീഗിൽ അതിനു ശേഷം കളിക്കേണ്ടത്.


facebooktwitterreddit