Football in Malayalam

പ്രീമിയർ ലീഗിൽ വീഡിയോ റഫറിയിങ് ഇല്ലായിരുന്നെങ്കിൽ ഈ സീസണിലെ പോയിന്റ് ടേബിൾ എങ്ങിനെയായിരിക്കുമെന്ന് അറിയാം

Sreejith N
Manchester City v Everton - Premier League
Manchester City v Everton - Premier League / Michael Regan/Getty Images
facebooktwitterreddit

ഫുട്ബോൾ മേഖലയിൽ സമ്മിശ്രമായ പ്രതികരണമാണ് വീഡിയോ അസിസ്റ്റന്റ് റഫറിയിങ് (വിഎആർ) ഉപയോഗത്തെക്കുറിച്ച് ഉണ്ടായത്. ഒരു വിഭാഗം ആളുകൾ അതിനെ ഗുണപരമായി കാണുമ്പോൾ മറ്റൊരു വിഭാഗം വീഡിയോ റഫറിയിങ് കാരണം കളിയുടെ രസച്ചരട് മുറിയുന്നതിനെയും വീഡിയോ റഫറിയിങ്ങിൽ തന്നെ വരുന്ന പിഴവുകളെയും വിമർശിക്കുകയും ചെയ്യുന്നു. രണ്ടു വർഷത്തോളമായി ഫുട്ബോളിൽ നിലനിൽക്കുന്ന ഈ സാങ്കേതിക വിദ്യക്കും വിവാദങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ചുരുക്കം.

അതേസമയം ഇംഗ്ലീഷ് മാധ്യമമായ ദി സൺ ഈ സീസണിലെ പ്രീമിയർ ലീഗിൽ വീഡിയോ റഫറിയിങ് ഉപയോഗിക്കാതിരുന്നാൽ പോയിന്റ് ടേബിളിൽ വരുമായിരുന്ന മാറ്റങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. യൂറോപ്യൻ ടൂർണമെന്റുകൾക്ക് യോഗ്യത പോലും നേടാതിരുന്ന ആഴ്‌സണൽ ടോപ് ഫോറിൽ വരുമായിരുന്നു എന്നതാണ് ദി സൺ വെളിപ്പെടുത്തിയ പട്ടികയിലെ ഏറ്റവും രസകരമായ കാര്യം. അതേസമയം ചാമ്പ്യന്മാർ അപ്പോഴും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്.

ഈ പോയിന്റ് ടേബിൾ പ്രകാരം അർടെട്ടയുടെ ടീം ചെൽസി, ലൈസ്റ്റർ സിറ്റി, ടോട്ടനം ഹോസ്‌പർ, വെസ്റ്റ് ഹാം എന്നീ ടീമുകൾക്കു മുകളിൽ നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിക്കുക. നിലവിൽ യൂറോപ്പ ലീഗ് യോഗ്യത നേടിയ വെസ്റ്റ് ഹാം എട്ടാം സ്ഥാനത്തുമായിരിക്കും. പോയിന്റ് ടേബിളിലിൽ ഇപ്പോൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ടീമുകൾ അവരുടെ സ്ഥാനങ്ങൾ പരസ്‌പരം വെച്ചു മാറുകയും ചെയ്യും.

ഈ സീസണിൽ 123 തീരുമാനങ്ങളാണ് വീഡിയോ റഫറിയിങ് ഇടപെട്ട് തിരുത്തിയത്. 42 ഗോൾ നിഷേധിച്ചതും 29 പെനാൽറ്റി നൽകിയതും 17 ചുവപ്പുകാർഡ് നൽകിയതും 22 സ്പോട്ട് കിക്കുകൾ നിഷേധിച്ചതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.


facebooktwitterreddit