Football in Malayalam

പ്രീമിയർ ലീഗിലെ പെനാൽറ്റി, ഓഫ്‌സൈഡ് നിയമങ്ങളിൽ വരുന്ന സീസണിൽ മാറ്റങ്ങളുണ്ടാകും

Sreejith N
FBL-ENG-PR-NEWCASTLE-MAN CITY
FBL-ENG-PR-NEWCASTLE-MAN CITY / PETER POWELL/Getty Images
facebooktwitterreddit

പെനാൽറ്റിക്കു വേണ്ടി താരങ്ങൾ കളിക്കളത്തിൽ അനാവശ്യമായി വീഴുന്നതു നിർത്തലാക്കാൻ പ്രീമിയർ ലീഗിൽ പുതിയ നിയമം വരുന്നു. കളിയുടെ ഒഴുക്ക് നല്ല രീതിയിൽ നിലനിർത്താനുള്ള ഈ തീരുമാനത്തിനു പുറമെ വിവാദമുയർത്തുന്ന ഓഫ്‌സൈഡ് വിളികൾ കുറക്കുന്നതിനുള്ള തീരുമാനവും ഈ സീസൺ മുതൽ നടപ്പിലാക്കാൻ പ്രീമിയർ ലീഗ് ഒഫിഷ്യൽസ് തീരുമാനിച്ചിട്ടുണ്ട്.

പെനാൽറ്റി ബോക്‌സിൽ വെച്ചുള്ള ഡിഫെൻഡർമാരുടെ കോണ്ടാക്ട് എത്രത്തോളമുണ്ടെന്നും അതിനുള്ള പ്രേരണയും കളിയിൽ അതു സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തി വീഡിയോ റഫറിയാണ് ഈ തീരുമാനങ്ങൾ എടുക്കുക. ഇതിന്റെ ഭാഗമായി പെനാൽറ്റിക്കു വേണ്ടി താരങ്ങൾ ബോക്‌സിൽ വീഴേണ്ട കാര്യമില്ല. മറിച്ച് ഫൗൾ കണ്ടെത്തിയാൽ ഒഫിഷ്യൽസ് കളി നിർത്തി വെച്ച് പെനാൽറ്റി നൽകാനുള്ള തീരുമാനം എടുക്കുന്നതായിരിക്കും.

ഡിഫൻഡർ നടത്തിയ കോണ്ടാക്ട്, അത് കളിയിൽ സൃഷ്‌ടിച്ച പ്രത്യാഘാതം, ആ കോണ്ടാക്‌ട് പെനാൽറ്റി ലഭിക്കുന്നതിനു വേണ്ടി താരം ഉപയോഗപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. കൃത്യമായ കോണ്ടാക്‌ട് ഉണ്ടാവുകയും അതു കളിയിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണെങ്കിൽ പെനാൽറ്റി നൽകുകയും അതല്ല, മിനിമം കോണ്ടാക്‌ട് മാത്രമാണെങ്കിൽ പെനാൽറ്റി നൽകാനുള്ള സാധ്യത കുറയുകയും ചെയ്യും.

ഇതിനു പുറമെ വിവാദപരമായ ഓഫ്‌സൈഡ് തീരുമാനങ്ങൾ കുറക്കാൻ പരിശോധനക്കായി കൂടുതൽ കനം കൂടിയ ലൈനുകൾ ഉപയോഗിക്കാനും ഒഫിഷ്യൽസ് തീരുമാനിച്ചിട്ടുണ്ട്. മുന്നേറ്റനിര താരത്തിന്റെ പൊസിഷൻ ഡിഫെൻഡറുടെ ലൈനിലാണെങ്കിൽ അത് ഓൺസൈഡായി പരിഗണിക്കും. മുന്നേറ്റനിര താരങ്ങൾക്കു തന്നെയാണ് ഈ തീരുമാനത്തിന്റെ ഗുണം കൂടുതൽ ലഭിക്കുക.

പ്രീമിയർ ലീഗിൽ വൈകി നടപ്പാക്കിയ വീഡിയോ റഫറിയിങ് ഏറെ വിവാദങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അതിനെ മികച്ചതാക്കാൻ പുതിയ തീരുമാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വരുന്ന സീസണിൽ അതെല്ലാം കളിക്കളത്തിൽ പ്രാവർത്തികമാക്കും.

facebooktwitterreddit