പ്രീമിയർ ലീഗ് റൗണ്ടപ്പ്: തകർപ്പൻ വിജയങ്ങളുമായി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും, വില്ലയെ അട്ടിമറിച്ച് വാറ്റ്ഫോഡ്

1. ചെൽസി 3 - 0 ക്രിസ്റ്റൽ പാലസ്
ക്രിസ്റ്റൽ പാലസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പുതിയ സീസണിന് തുടക്കം കുറിച്ച് ചെൽസി. നീലപ്പടക്ക് വേണ്ടി മാർക്കോസ് അലോൺസോ, ക്രിസ്ത്യൻ പുലിസിച്ച് ട്രെവോ ചലോബ എന്നിവരാണ് ഗോൾ വല കുലുക്കിയത്.
2. മാഞ്ചസ്റ്റർ യുണൈറ്റഡ് 5 - 1 ലീഡ്സ് യുണൈറ്റഡ്
പ്രീമിയർ ലീഗ് 2021/22 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഹാട്രിക്കോടെ ബ്രൂണോ ഫെർണാണ്ടസും, നാല് അസിസ്റ്റുകളുമായി പോൾ പോഗ്ബയും മിന്നിത്തിളങ്ങിയ മത്സരത്തിൽ ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി മേസൺ ഗ്രീൻവുഡും ഫ്രഡും ഓരോ ഗോളുകൾ വീതം നേടി. മറുവശത്ത്, ലീഡ്സിന്റെ ആശ്വാസ ഗോൾ നേടിയത് മനോഹരമായൊരു ലോങ്ങ് റേഞ്ച് ഗോളിലൂടെ ലൂക്ക് അയ്ലിംഗാണ്.
3. വാറ്റ്ഫോഡ് 3 - 2 ആസ്റ്റൺ വില്ല
ആസ്റ്റൺ വില്ലയെ 3-2ന് പരാജയപ്പെടുത്തി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയെത്തിയ വാറ്റ്ഫോഡ് തങ്ങളുടെ തുടക്കം ഗംഭീരമാക്കി. 10ആം മിനുറ്റിൽ ഇമ്മാനുവേൽ ബോണവെഞ്ചറിലൂടെ മുന്നിലെത്തിയ വാറ്റ്ഫോഡ്, 42ആം മിനുറ്റിൽ ഇസ്മയിലെ സാറിലൂടെ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ, 67ആം മിനുറ്റിൽ കുച്ചോ ഹെർണാണ്ടസിലൂടെ തങ്ങളുടെ ഗോൾനേട്ടം മൂന്നാക്കി വാറ്റ്ഫോഡ് ഉയർത്തി. മൂന്ന് മിനുറ്റുകൾക്ക് ശേഷം ജോൺ മക്ഗിന്നിലൂടെയും ഇഞ്ചുറി ടൈമിന്റെ ഏഴാം മിനുറ്റിൽ ഡാനി ഇങ്സിലൂടെയും രണ്ട് ഗോളുകൾ വില്ല മടക്കിയെങ്കിലും വാറ്റ്ഫോഡിന്റെ വിജയം തടുക്കാൻ അത് മതിയായിരുന്നില്ല.
4. ലെസ്റ്റർ സിറ്റി 1 - 0 വോൾവ്സ്
വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പ്രീമിയർ ലീഗ് 2021/22 സീസൺ വിജയത്തോടെ തുടങ്ങി ലെസ്റ്റർ സിറ്റി. ബ്രെണ്ടൻ റോഡ്ജേഴ്സ് പരിശീലിപ്പിക്കുന്ന ടീമിന് വേണ്ടി മത്സരത്തിന്റെ 41ആം മിനുറ്റിൽ ജെയ്മി വാർഡിയാണ് ഗോൾ നേടിയത്.
5. എവർട്ടൻ 3 - 1 സൗത്താംപ്ടൺ
ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം മൂന്ന് ഗോളുകൾ നേടി വിജയം കരസ്ഥമാക്കി എവർട്ടൻ. സൗത്താംപ്ടണിനെയാണ് ടോഫിസ് പരാജയപ്പെടുത്തിയത്. ആദം ആംസ്ട്രോങിലൂടെ 22ആം മിനുറ്റിൽ സൗത്താംപ്ടൺ മുന്നിലെത്തിയെങ്കിലും, എവർട്ടൻ വേണ്ടി 47ആം മിനുറ്റിൽ റിചാർലിസൺ, 76ആം മിനുറ്റിൽ അബ്ദൗലെയ് ഡൗകോറെ, 81ആം മിനുറ്റിൽ ഡൊമിനിക് കാൽവെർട്-ലെവിൻ എന്നിവരാണ് ഗോളുകൾ നേടിയത്.
6. ബേൺലി 1 - 2 ബ്രൈറ്റൺ
രണ്ടാം മിനുറ്റിൽ ജെയിംസ് ടർക്കോവ്സികിയുടെ ഗോളിലൂടെ മുന്നിലെത്തിയ ബേൺലിയെ 73ആം മിനുറ്റിൽ നീൽ മൗപേയും, 78ആം മിനുറ്റിൽ അലക്സിസ് മക് അലിസ്റ്ററും നേടിയ ഗോളുകൾക്ക് മറികടന്ന് ബ്രൈറ്റൺ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.