ഏറ്റവും പുതിയ ക്ലബ് റാങ്കിങ് പുറത്തുവിട്ട് യുവേഫ, ആദ്യ പത്തു സ്ഥാനങ്ങളിൽ പ്രീമിയർ ലീഗ് ക്ലബുകൾക്ക് ആധിപത്യം


ഏറ്റവും പുതിയ ക്ലബ് റാങ്കിങ് യുവേഫ പുറത്തുവിട്ടപ്പോൾ ആദ്യ പത്തു സ്ഥാനങ്ങളിൽ നാലെണ്ണവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾക്ക്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളാണ് യുവേഫ ക്ലബ് റാങ്കിങ്ങിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ ഉൾപ്പെട്ട പ്രീമിയർ ലീഗ് ക്ലബുകൾ.
കഴിഞ്ഞ ഏതാനും സീസണുകളായി യൂറോപ്പിലും ആഭ്യന്തര ലീഗിലും മികച്ച പ്രകടനം നടത്തുന്ന ബയേൺ മ്യൂണിക്കാണ് യുവേഫ ക്ലബ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. 122 പോയിന്റാണ് ബയേൺ മ്യൂണിക്കിനുള്ളത്. കഴിഞ്ഞ അഞ്ചു സീസണുകളിലെ പ്രകടനം കണക്കിലാക്കിയാണ് ക്ലബുകളുടെ റാങ്കിങ് യുവേഫ പട്ടികപ്പെടുത്തുന്നത്.
#ManCity are currently ranked 2nd in UEFA's latest five-year club ranking. pic.twitter.com/WBfBIpN4Is
— City Xtra (@City_Xtra) October 25, 2021
ബയേൺ മ്യൂണിക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. ലിവർപൂൾ മൂന്നാം സ്ഥാനം നേടിയപ്പോൾ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി നാലാം സ്ഥാനത്താണ്. ഈ സീസണിൽ മോശം ഫോമിൽ മുന്നോട്ടു പോവുകയാണെങ്കിലും മുൻ വർഷങ്ങളിലെ പ്രകടനം കാരണം ബാഴ്സലോണ അഞ്ചാം സ്ഥാനത്തുണ്ട്.
ലയണൽ മെസി, നെയ്മർ, എംബാപ്പെ മുതലായ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന പിഎസ്ജി യുവേഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്. അവർക്കും പിന്നിൽ ഏഴാമതാണ് റയൽ മാഡ്രിഡ്. ആഴ്സണൽ, ടോട്ടനം, ബൊറൂസിയ ഡോർട്മുണ്ട്, അയാക്സ് എന്നീ ക്ലബുകൾ ആദ്യ പത്തു സ്ഥാനങ്ങളിൽ നിന്നും പുറത്താണെങ്കിലും ആദ്യ ഇരുപതിൽ ഉൾപ്പെട്ടിട്ടുണ്ട്.
യുവേഫ ക്ലബ് റാങ്കിങ് ആദ്യ പത്തു സ്ഥാനക്കാരും പോയിന്റും:
1. ബയേൺ മ്യൂണിക്ക് (ജർമനി) - 122 പോയിന്റ്
2. മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) - 115 പോയിന്റ്
3. ലിവർപൂൾ (ഇംഗ്ലണ്ട്) -111 പോയിന്റ്
4. ചെൽസി (ഇംഗ്ലണ്ട്) - 106 പോയിന്റ്
5. ബാഴ്സലോണ (സ്പെയിൻ) - 105 പോയിന്റ്
6. പിഎസ്ജി (ഫ്രാൻസ്) - 102 പോയിന്റ്
7. റയൽ മാഡ്രിഡ് (സ്പെയിൻ) - 102 പോയിന്റ്
8. യുവന്റസ് (ഇറ്റലി) - 97 പോയിന്റ്
9. മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇംഗ്ലണ്ട്) - 95 പോയിന്റ്
10. അത്ലറ്റികോ മാഡ്രിഡ് (സ്പെയിൻ) - 93 പോയിന്റ്