Football in Malayalam

കോവിഡ് വ്യാപനം രൂക്ഷമെങ്കിലും പ്രീമിയർ ലീഗ് മത്സരങ്ങൾ ഷെഡ്യൂൾ പ്രകാരം നടക്കും

Sreejith N
FBL-ENG-PR-TOTTENHAM-LIVERPOOL
FBL-ENG-PR-TOTTENHAM-LIVERPOOL / JUSTIN TALLIS/GettyImages
facebooktwitterreddit

ഇംഗ്ലണ്ടിലും ലോകത്തുമെല്ലാം വീണ്ടും കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടെങ്കിലും പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പല ക്ലബുകളിലും കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഈയാഴ്ച നടക്കേണ്ടിയിരുന്ന അഞ്ചു മത്സരങ്ങളാണ് മാറ്റി വെച്ചത്. അത്രയും ആവശ്യമെങ്കിൽ മാത്രമേ ഫിക്സ്ചറുകൾ മാറ്റുന്ന കാര്യം പരിഗണിക്കൂ എന്നാണു നേതൃത്വത്തിന്റെ നിലപാട്.

"കോവിഡ് പൊട്ടിപ്പുറപ്പെടലും അതിന്റെ വെല്ലുവിളികളും ടീമുകൾ അനുഭവിക്കുന്നുണ്ടെന്ന് ഇന്നു നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ മീറ്റിങ്ങിൽ മനസിലാക്കിയിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കി നിലവിലെ ഫിക്‌സ്ച്ചറുമായി മുന്നോട്ടു പോകാൻ തന്നെയാണ് ലീഗിന്റെ താൽപര്യം." തിങ്കളാഴ്‌ച പ്രീമിയർ ലീഗ് ഒഫിഷ്യൽ വെബ്‌സൈറ്റിലൂടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

അതേസമയം ഒമൈക്രോൺ വകഭേദം വ്യാപിച്ച സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റി വെക്കേണ്ട സാഹചര്യം വന്നാൽ അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും അവർ അറിയിച്ചു. പ്രീമിയർ ലീഗിലെ താരങ്ങളും സ്റ്റാഫുകളുമടക്കം 92 ശതമാനം പേരും ഒന്നോ രണ്ടോ മൂന്നോ ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ടെന്നും അതു പൂർത്തീകരിക്കാനുള്ളവർ അതിനു തയ്യാറാവണമെന്നും അവർ അറിയിച്ചു.

നിലവിലെ കോവിഡ് വ്യാപനം മൂലം യൂറോപ്പിലെ ലീഗുകളിൽ പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമേ മാറ്റി വെക്കേണ്ടി വന്നിട്ടുള്ളൂവെന്നാണ് വിചിത്രമായ കാര്യം. മറ്റു ലീഗുകളെ അപേക്ഷിച്ച് പ്രീമിയർ ലീഗിൽ വാക്‌സിനേഷൻ സ്വീകരിക്കാത്ത താരങ്ങളുടെ എണ്ണം കൂടുതലായതാണ് ഇതിനു കാരണമെന്ന വിമർശനങ്ങളും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit