വിദേശരാജ്യങ്ങളിൽ പ്രീമിയർ ലീഗ് ക്ലബുകൾ തമ്മിലുള്ള പോരാട്ടങ്ങൾ നടക്കാൻ സാധ്യത; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പരിഗണനയിൽ

Sreejith N
Manchester United v Aston Villa - Premier League
Manchester United v Aston Villa - Premier League / Gareth Copley/Getty Images
facebooktwitterreddit

വിദേശരാജ്യങ്ങളിൽ വെച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നതു ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ഷെയർഹോൾഡർമാർ. 2008ൽ തന്നെ ഇത്തരമൊരു ആശയം പ്രീമിയർ ലീഗിന്റെ മുൻ ചെയർമാനായ റിച്ചാർഡ് സ്കുഡമോർ മുന്നോട്ടു വെച്ചിരുന്നെങ്കിലും യുവേഫ, ഫിഫ, എഫ്എ എന്നിവരിൽ നിന്നും അതിനു യാതൊരു തലത്തിലുള്ള അനുകൂല പ്രതികരണവും ലഭിച്ചിരുന്നില്ല.

എന്നാൽ ദി അത്ലറ്റികിന്റെ ജേർണലിസ്റ്റായ ഡേവിഡ് ഓൺസ്റ്റീൻ പറയുന്നത് വിദേശത്തു വെച്ചുള്ള മത്സരങ്ങൾ ഒരു അനിവാര്യത ആണെന്നും കഴിഞ്ഞയാഴ്‌ച പ്രീമിയർ ലീഗ് ക്ലബുകൾ യോഗം ചേർന്നപ്പോൾ ലോകമെമ്പാടും ലീഗിന്റെ വളർച്ച വ്യാപിപ്പിക്കാൻ ഇത്തരം മത്സരം സംഘടിപ്പിക്കാനുള്ള പദ്ധതി ചർച്ച ചെയ്‌തു എന്നുമാണ്. ചൈന, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്.

വിദേശത്തു വെച്ചു പ്രധാന മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു റോഡ്‌മാപ്പ് ജൂണിൽ നിർദ്ദേശിക്കപ്പെട്ടിരുന്നു. ഈ പദ്ധതി പൂർണമായും നടപ്പിലാക്കപ്പെടാൻ ഏതാനും വർഷങ്ങൾ എടുക്കുമെങ്കിലും പ്രീമിയർ ലീഗ് ക്ലബുകളുടെ പ്രധാന മത്സരങ്ങൾ മറ്റു രാജ്യങ്ങളിൽ നടക്കുന്ന കാലം വളരെ അകലെയല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിദേശത്തേക്കു മത്സരങ്ങൾ പറിച്ചുനട്ട് തങ്ങളുടെ മാർക്കറ്റ് വർധിപ്പിക്കുന്ന ആദ്യത്തെ ലീഗല്ല പ്രീമിയർ ലീഗ്. 2019ലെ സൂപ്പർകോപ്പ ഇറ്റലിയാന സൗദി അറേബ്യയിൽ വെച്ചാണ് നടന്നത്. ഇതിനു പുറമെ സ്‌പാനിഷ്‌ സൂപ്പർകോപ്പ മത്സരങ്ങളും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വെച്ചു നടന്നിട്ടുണ്ട്.

പ്രീമിയർ ലീഗിന് മറ്റു രാജ്യത്തെ ലീഗുകളെ അപേക്ഷിച്ച് വലിയ തോതിലുള്ള ആരാധകക്കൂട്ടം ലോകമെമ്പാടുമുണ്ട്. അതുകൊണ്ടു തന്നെ ഈ തീരുമാനം നടപ്പിലാക്കിയാൽ ലീഗ് കൂടുതൽ വികസിക്കും എന്നതിനു പുറമെ നിരവധി രാജ്യങ്ങളിലുള്ള ആരാധകർക്ക് അവരുടെ ഇഷ്‌ടപ്പെട്ട താരങ്ങളെ കാണാനും അവസരമൊരുങ്ങും.


facebooktwitterreddit