Football in Malayalam

യൂറോപ്യൻ സൂപ്പർ ലീഗിൽ പിന്മാറിയ ഇംഗ്ലീഷ് ക്ലബ്ബുകൾ ബ്രിട്ടീഷ് സൂപ്പർ ലീഗിനെക്കുറിച്ച് ആലോചിക്കുന്നതായി സൂചന

Gokul Manthara
The Club Badges of the So-Called Top Six in English Football
The Club Badges of the So-Called Top Six in English Football / Visionhaus/Getty Images
facebooktwitterreddit

ആരാധക പ്രക്ഷോഭങ്ങളെത്തുടർന്ന് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബ്രിട്ടീഷ് സൂപ്പർ ലീഗെന്ന ആശയത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപോർട്ടുകൾ. സ്കോട്ടിഷ് ക്ലബ്ബുകളായ കെൽറ്റിക്ക്, റേഞ്ചേഴ്സ് എന്നിവരെ പ്രീമിയർ ലീഗിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് സൂപ്പർ ലിഗിനെക്കുറിച്ചുള്ള ചർച്ച ഇംഗ്ലണ്ടിൽ തുടങ്ങിയതായും ഇതിന് ഫിഫ, യുവേഫ, യുകെ സർക്കാർ എന്നിവർ പിന്തുണ നൽകുമെന്നുമാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.

പ്രീമിയർ ലീഗിലേക്ക് കെൽറ്റിക്ക്, റേഞ്ചേഴ്സ് എന്നീ ക്ലബ്ബുകളെ ഉൾപ്പെടുത്തുന്നതിനൊപ്പം, ലീഗിലെ ആകെ ടീമുകളുടെ എണ്ണം പതിനെട്ടായി ചുരുക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നതായാണ് സൂചന. എന്നാൽ മുഴുവൻ പ്രീമിയർ ലീഗ് ക്ലബ്ബുകളുടേയും സമ്മതമില്ലാതെ ഇത്തരമൊരു ആശയം പ്രാവർത്തികമാവുക സാധ്യമല്ലെന്നാണ് കരുതപ്പെടുന്നത്. ലീഗിനെ പതിനെട്ട് ടീമുകളാക്കി ചുരുക്കുന്നതിനോട് പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ താഴെക്കിടക്കുന്ന‌ ടീമുകൾക്ക് അനുകൂല‌ പ്രതികരണമുണ്ടാകാനുള്ള സാധ്യത കുറവായതിനാൽ ഈ പദ്ധതി നടപ്പിലാകുന്ന കാര്യവും സംശയത്തിലാണ്.

പ്രീമിയർ ലീഗിനെ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുപ്രസിദ്ധമായ പ്രോജക്ട് ബിഗ് പിക്ചർ എന്ന പദ്ധതി കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡും, ലിവർപൂളുമുൾപ്പെടെയുള്ള വമ്പൻ ക്ലബുകൾ ചേർന്ന് തയ്യാറാക്കിയിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് പ്രീമിയർ ലീഗിന്റെ പരിഷ്കരണം ഇംഗ്ലണ്ടിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു.

പ്രീമിയർ ലീഗിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും ലീഗിന്റെ സംവിധാനത്തിൽ അഴിച്ചു പണി നടത്തേണ്ടതുണ്ടെന്നുമുള്ള ആവശ്യങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബ്രിട്ടീഷ് സൂപ്പർ ലീഗെന്ന ആശയം പൊങ്ങി വന്നിരിക്കുന്നത്. കെൽറ്റിക്ക്, റേഞ്ചേഴ്സ് ടീമുകൾ ലീഗിൽ ചേർന്നാൽ സ്പോൺസർമാർ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുടെ താല്പര്യം വർധിക്കുമെന്നും ഇത് ലീഗിലെ എല്ലാ ക്ലബ്ബുകൾക്കും ഗുണം ചെയ്യുമെന്നുമാണ് കരുതപ്പെടുന്നത്. ഇതെല്ലാം കൊണ്ടു‌ തന്നെ ബ്രിട്ടീഷ് സൂപ്പർ ലീഗ് വരും നാളുകളിൽ ഫുട്ബോളിൽ വലിയ ചർച്ചകൾക്ക് കാരണമായേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit