Football in Malayalam

യൂറോപ്പ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് ഇതിനോടകം വൻ തുക നഷ്ടം സംഭവിച്ചതായി സൂചന

Gokul Manthara
The Top Six Club Badges
The Top Six Club Badges / Visionhaus/Getty Images
facebooktwitterreddit

ആരാധക പ്രതിഷേധത്തേയും, യുവേഫയുടെ ഭീഷണിയേയും തുടർന്ന് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ഇതിനോടകം വൻ തുക നഷ്ടം സംഭവിച്ചതായി സൂചന. സൂപ്പർ ലീഗിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച പ്രീമിയർ ലീഗ് വമ്പന്മാർക്ക് നിലവിൽ 8 മില്ല്യൺ പൗണ്ട് വീതം നഷ്ടമായതായും, ഭാവിയിൽ കൂടുതൽ സാമ്പത്തിക നഷ്ടങ്ങൾ അവരെ തേടിയെത്തിയേക്കാമെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.

യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക ക്ലബ്ബുകളെന്ന് കരുതപ്പെടുന്ന 12 കൂട്ടരും ലീഗിന്റെ ഇൻഫ്രാസ്ട്രക്ചറിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനായി 8 മില്ല്യൺ പൗണ്ട് വരുന്ന ഓഹരികൾ വാങ്ങിയതായാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളെല്ലാം സൂപ്പർ ലീഗിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ഈ ഓഹരിത്തുക അവർക്ക് തിരിച്ചു കിട്ടില്ലെന്നാണ് സൂചനകൾ.

ഇതിനോടകം സംഭവിച്ചു കഴിഞ്ഞ ഈ നഷ്ടത്തിനൊപ്പം ഭാവിയിൽ മറ്റ് സാമ്പത്തിക തിരിച്ചടികളും അവരെ കാത്തിരിക്കുന്നതായാണ് സൂചനകൾ. സൂപ്പർ ലീഗിൽ ചേരുന്ന സമയത്ത് കുറഞ്ഞത് മൂന്ന് സീസണുകളെങ്കിലും ലീഗിൽ കളിക്കാമെന്ന് സമ്മതിച്ചു കൊണ്ടുള്ള ഒരു കരാറിൽ അവർ ഒപ്പുവെച്ചിരുന്നു. ഈ നിബന്ധന ഇപ്പോൾ ലംഘിച്ചതോടെ കാര്യമായ സാമ്പത്തിക പിഴകൾക്ക് അവർ വിധേയരായേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയ ഇംഗ്ലീഷ് ടീമുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും, ഇതിന്റെ പേരിൽ അവരിൽ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനും ലീഗിന്റെ സംഘാടകർക്ക് കഴിയുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വാർത്തകൾ. ലീഗിൽ നിന്നുള്ള പിന്മാറ്റത്തിലൂടെ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക്‌ വലിയ തിരിച്ചടികൾ നേരിടേണ്ടി‌ വന്നേക്കുമെന്ന് ചുരുക്കം.

അതേ സമയം പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ചെൽസി, ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ എന്നിവരായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗിന് നേരത്തെ പച്ചക്കൊടി വീശിയിരുന്നത്. എന്നാൽ ആരാധക പ്രതിഷേധം രൂക്ഷമായതോടെ ഒന്നിന് പിറകേ ഒന്നായി ക്ലബ്ബുകളെല്ലാം ലീഗിൽ നിന്നുള്ള തങ്ങളുടെ പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit