Football in Malayalam

റെഡ് ലിസ്റ്റ് രാജ്യങ്ങളിലുള്ള അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു കൊടുക്കില്ലെന്ന് പ്രീമിയർ ലീഗും ലാലിഗയും

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ വെച്ചു നടക്കുന്ന ലോകകപ്പ് ക്വാളിഫയേഴ്‌സ് അടക്കമുള്ള അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടെടുത്ത് പ്രീമിയർ ലീഗും ലാ ലിഗയും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ കളിക്കാർ യാത്ര ചെയ്‌താൽ കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നതും തിരിച്ചെത്തുമ്പോൾ ഐസൊലേഷൻ ആവശ്യമാണെന്നതുമാണ് ഇത്തരമൊരു തീരുമാനത്തിനു കാരണം.

പ്രീമിയർ ലീഗും ലാ ലിഗയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ നിരവധി സൂപ്പർതാരങ്ങളാണ് ദേശീയ ടീമിനൊപ്പം ചേരാൻ കഴിയാതെ ക്ലബിൽ തന്നെ തുടരേണ്ടി വരിക. പ്രധാനമായും ഇതു ബാധിക്കുക ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളെയാണ്. അടുത്ത മാസം ആരാധകർ കാത്തിരിക്കുന്ന അർജന്റീന- ബ്രസീൽ പോരാട്ടം നടക്കാനിരിക്കെ അതിൽ പങ്കെടുക്കേണ്ട താരങ്ങളിൽ വലിയൊരു വിഭാഗത്തിന് മത്സരം നഷ്‌ടമാകും.

പ്രീമിയർ ലീഗിൽ നിന്നുമുള്ള താരങ്ങൾക്ക് ദേശീയ ടീമിനൊപ്പം ചേരാൻ കഴിയില്ലെന്നു വ്യക്തമായതോടെ അർജന്റീന ടീമിൽ ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, ടോട്ടനം താരങ്ങളായ ക്രിസ്റ്റ്യൻ റൊമേരോ, ലോ സെൽസോ, നോർവിച്ച് താരം ബുവണ്ടിയ എന്നിവരുടെ സാന്നിധ്യം ഉണ്ടാവില്ല. അതേസമയം ബ്രസീലിന് അലിസൺ, എഡേഴ്‌സൺ, തിയാഗോ സിൽവ, ഫാബിന്യോ, ഫ്രെഡ്, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ, ഫിർമിനോ, റാഫിന്യ തുടങ്ങി വലിയൊരു താരനിരയെ നഷ്‌ടമാകും.

ലാ ലിഗയും താരങ്ങളെ വിട്ടു കൊടുക്കില്ലെന്നു തീരുമാനിച്ചത് അർജന്റീനക്കാണ് കൂടുതൽ തിരിച്ചടി. ജെറോണിമോ റുള്ളി, ഗോൺസാലോ മോണ്ടിയാൽ, ജർമൻ പെസല്ല, യുവാൻ ഫോയ്ത്ത്, മാർക്കോസ് ആകുന, റോഡ്രിഗോ ഡി പോൾ, ഗുയ്‌ഡോ റോഡ്രിഗസ്, പപ്പു ഗോമസ്, ഏഞ്ചൽ കൊറേയ തുടങ്ങിയ താരങ്ങളെ അവർക്ക് നഷ്‌ടമാകും. ബ്രസീലിനെ സംബന്ധിച്ച് കസെമിറോ, എഡർ മിലിറ്റാവോ, എമേഴ്‌സൺ, വിനീഷ്യസ്, ഡീഗോ കാർലോസ് തുടങ്ങിയ താരങ്ങളെയാണ് നഷ്‌ടമാവുക.

ഇവർക്കു പുറമെ പ്രീമിയർ ലീഗിലും ലാ ലിഗയിലുമായി കളിക്കുന്ന മറ്റു ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ള പല സൂപ്പർ താരങ്ങൾക്കും ദേശീയ ടീമിനൊപ്പം ചേരാൻ കഴിയില്ല. കോപ്പ അമേരിക്ക, യൂറോ കപ്പിന്റെ ആവേശത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ലാത്ത ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്റർനാഷണൽ ബ്രേക്ക് ഇതോടെ നിറം മങ്ങുമെന്ന് ഉറപ്പാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit