Football in Malayalam

റൊണാൾഡോയെ അണിനിരത്തിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ അറിയാം

Sreejith N
FBL-ENG-PR-MAN UTD-LEEDS
FBL-ENG-PR-MAN UTD-LEEDS / ADRIAN DENNIS/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് വലിയൊരു സർപ്രൈസ് ആയിരുന്നു. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇനി പുതിയ സൈനിംഗുകൾ ഉണ്ടാകില്ലെന്ന് പരിശീലകനായ സോൾഷെയർ സൂചന നൽകിയതിനു പിന്നാലെയാണ് റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. തങ്ങളുടെ ഇതിഹാസ താരമായിരുന്ന റൊണാൾഡോ എതിരാളികളുടെ തട്ടകത്തിലേക്ക് ചേക്കേറുന്നതിൽ ഒരു വിഭാഗം ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരിക്കെ താരം ഏവർക്കും സർപ്രൈസ് നൽകി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയായിരുന്നു.

ഇതിനു മുൻപും പല ട്രാൻസ്‌ഫർ ജാലകങ്ങളിലും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് യാഥാർഥ്യമായത് ഇത്തവണയാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് സ്വപ്‌നങ്ങൾക്ക് കൂടുതൽ കരുത്താണ് കഴിഞ്ഞ സീസണിലെ സീരി എ ടോപ് സ്കോററായ താരത്തിന്റെ സാന്നിധ്യം. ഈ സമ്മറിൽ സ്വന്തമാക്കിയ താരങ്ങൾക്കൊപ്പം റൊണാൾഡോ കൂടി ചേരുന്നതോടെ പ്രീമിയർ ലീഗ് കിരീടം നേടിയെടുക്കാൻ കഴിവുള്ള കരുത്തുറ്റ ഇലവനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലിറക്കുക.

വളരെക്കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിശ്വസ്‌തനായ ഗോൾകീപ്പറായി തുടരുന്ന ഡി ഗിയക്ക് ഈ സീസണിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് ടീമിന്റെ പ്രതിരോധനിര. ഹാരി മാഗ്വയർക്കൊപ്പം റയൽ മാഡ്രിഡിൽ നിന്നുമെത്തിയ റാഫേൽ വരാനെ കൂടി ചേരുന്നതോടെ കഴിഞ്ഞ സീസണിലുണ്ടായ പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കപ്പെടും. ഇതിനു പുറമെ വലതു വിങ് ബാക്കായി ആരോൺ വാൻ ബിസാക്ക, ഇടതു വിങ്ങിൽ മികച്ച ഫോമിലുള്ള ലൂക്ക് ഷോ എന്നിവരുമുണ്ട്.

മധ്യനിരയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു കരുത്ത്. മക്ടോമിനായ്, പോൾ പോഗ്ബ എന്നിവർക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ് കൂടി ചേരുന്ന മിഡ്‌ഫീൽഡിൽ ഫ്രെഡ്, മാറ്റിച്ച്, വാൻ ബീക്ക്, മാട്ട എന്നിവരെയും ഉപയോഗപ്പെടുത്താൻ പരിശീലകനായ സോൾഷെയറിനു കഴിയും. ഇതിനു പുറമെ മുന്നേറ്റനിരയിലെ ഇടതു വിങ്ങിൽ റാഷ്‌ഫോർഡും വലതു വിങ്ങിൽ ഈ സമ്മറിൽ ടീമിലെത്തിയ ജാഡൻ സാഞ്ചോയും സ്‌ട്രൈക്കറായി റൊണാൾഡോയും ചേരുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏതു ടീമും ഭയക്കേണ്ടി വരും.

റൊണാൾഡോ കൂടിയെത്തിയതോടെ ടീമിന്റെ കെട്ടുറപ്പ് വർധിച്ചിട്ടുണ്ട്. പ്രതിരോധത്തിൽ ലിഡ്‌ലോഫ്, എറിക് ബെയ്‌ലി, ടെല്ലസ്, ദാലോട്ട് എന്നീ താരങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം എന്നതിനൊപ്പം വളരെയധികം കരുത്തുറ്റ മുന്നേറ്റനിരയും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷയാണ്. മാസൺ ഗ്രീൻവുഡ്‌, എഡിസൺ കവാനി, ലിംഗാർഡ്, മാർഷ്യൽ എന്നിങ്ങനെ പ്രതിഭ തെളിയിച്ച താരങ്ങളാണ് മുന്നേറ്റനിരയിൽ പകരക്കാരായി സോൾഷെയറിനു ലഭ്യമാവുക.

ഇതിനെല്ലാം പുറമെയാണ് റൊണാൾഡോ ടീമിനു നൽകുന്ന ആത്മവിശ്വാസം. പ്രായം മുപ്പത്തിയാറായിട്ടും കഴിഞ്ഞ സീസണിൽ സീരി എയിലെയും ഇക്കഴിഞ്ഞ യൂറോ കപ്പിലേയും ടോപ് സ്കോററായി മാറാൻ കഴിഞ്ഞ താരത്തിന്റെ ലക്ഷ്യം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുകയാണെന്നു വ്യക്തമാണ്. അതിനു വേണ്ടി റൊണാൾഡോ മുന്നിൽ നിന്നു പട നയിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ വർഷങ്ങൾക്കു ശേഷം കിരീടങ്ങൾ നേടിയെടുക്കുന്ന ഒരു സീസൺ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit