Football in Malayalam

റൊമേരോ തിരിച്ചെത്തും, ബ്രസീലിനെതിരായ അർജന്റീനയുടെ സാധ്യത ഇലവൻ അറിയാം

Sreejith N
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG / EDILZON GAMEZ/Getty Images
facebooktwitterreddit

വെനസ്വലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ ടീമിൽ നിന്നും മാറ്റങ്ങളോടെയാവും അർജന്റീന ബ്രസീലിനെതിരായ മത്സരത്തിൽ ഇറങ്ങുകയെന്നു റിപ്പോർട്ടുകൾ. സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ മധ്യനിര താരമായ ലിയനാർഡോ പരഡെസ്, പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേരോ എന്നിവരാണ് ടീമിന്റെ ഭാഗമാകാൻ സാധ്യതയുള്ള പ്രധാന താരങ്ങൾ.

വെനസ്വലക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലയണൽ മെസിക്ക് ബ്രസീലിനെതിരായ മത്സരം നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും അർജന്റീന നായകൻ കളിക്കുമെന്നു തന്നെയാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം അർജന്റീന പരിശീലനം നടത്തിയപ്പോൾ മുട്ടിനു പരിക്കേറ്റ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. താരം ഒറ്റക്കാണ് പരിശീലനം നടത്തിയത്.

വെനസ്വലക്കെതിരെ ഇറങ്ങിയ താരങ്ങളൊന്നും കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിൽ പങ്കെടുത്തിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന എല്ലാ താരങ്ങളും പരിശീലനം നടത്തിയിട്ടുണ്ട്. പെസല്ലക്കു പകരം റൊമേരോ ആദ്യ ഇലവനിൽ ഇടം പിടിക്കുന്നതിനൊപ്പം പിഎസ്‌ജി താരം പരഡെസും ടീമിലേക്ക് തിരിച്ചെത്തിയേക്കും. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസിവ് മിഡ്‌ഫീൽഡർ എന്നീ സ്ഥാനങ്ങളിൽ ആരാണ് ഇറങ്ങുകയെന്ന കാര്യത്തിൽ പൂർണമായും വ്യക്തത വന്നിട്ടില്ല.

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ നേടിയ വിജയം ആവർത്തിക്കാനായിരിക്കും അർജന്റീന ശ്രമിക്കുക. അതേസമയം അർജന്റീനയോടേറ്റ തോൽവിക്കു പ്രതികാരം ചെയ്യേണ്ടത് ബ്രസീലിനു ആവശ്യമാണെങ്കിലും ടീമിനൊപ്പം പ്രീമിയർ ലീഗിലെ സൂപ്പർതാരങ്ങൾ ഇല്ലാത്തത് അവർക്കു തിരിച്ചടിയാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ചിലിയെ കീഴടക്കിയത് കാനറികൾക്ക് ആത്മവിശ്വാസമാണ്.

ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയുടെ സാധ്യത ഇലവൻ:

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

പ്രതിരോധനിര: ഗോൺസാലോ മോണ്ടിയൽ/മോളിന, റൊമേരോ, ഒട്ടമെൻഡി, അക്യൂന/ടാഗ്ലിയാഫിക്കോ

മധ്യനിര: ഡി പോൾ, ഗുയ്‌ഡോ/പരഡെസ്, ലൊ സെൽസോ

മുന്നേറ്റനിര: ഡി മരിയ, ലയണൽ മെസി, ലൗടാരോ മാർട്ടിനസ്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit