Football in Malayalam

ട്രാൻസ്‌ഫർ കമ്മീഷൻ റഫറിമാരെയും താരങ്ങളെയും വാങ്ങാനുപയോഗിച്ചുവെന്നു പരാതി, എഡർ മിലിറ്റാവോ ട്രാൻസ്‌ഫർ അന്വേഷണത്തിൽ

Sreejith N
Brazil v Ecuador: Group B - Copa America Brazil 2021
Brazil v Ecuador: Group B - Copa America Brazil 2021 / Pedro Vilela/Getty Images
facebooktwitterreddit

ബ്രസീലിയൻ പ്രതിരോധ താരമായ എഡർ മിലിറ്റാവോ പോർട്ടോയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് അൻപതു മില്യൺ യൂറോ ട്രാൻസ്ഫറിൽ ചേക്കേറിയതിലെ 9.72 മില്യൺ യൂറോ കമ്മീഷനുമായി ബന്ധപ്പെട്ട് പോർച്ചുഗീസ് പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു. ഈ തുക റഫറിമാരെയും താരങ്ങളെയും വാങ്ങാൻ ഉപയോഗിച്ചുവെന്ന അജ്ഞാത പരാതിയെ തുടർന്നാണ് അന്വേഷണം.

എഡർ മിലിറ്റാവോയുടെ തൊണ്ണൂറു ശതമാനം അവകാശവും സ്വന്തമാക്കിയാണ് സാവോ പോളോയിൽ നിന്നും താരത്തെ പോർട്ടോ 2018ൽ സ്വന്തമാക്കിയത്. അതിന്റെ തൊട്ടടുത്ത വർഷമാണ് റയൽ മാഡ്രിഡ് മിലിറ്റാവോയുടെ മുഴുവൻ അവകാശങ്ങളും അൻപതു മില്യൺ യൂറോ നൽകി സ്വന്തമാക്കുന്നത്. ഈ ട്രാൻസ്ഫറിൽ പോർട്ടോയുടെ ലാഭം 38.16 മില്യൺ യൂറോയാണ്.

പോർച്ചുഗീസ് പത്രമായ പബ്ലികോയുടെ റിപ്പോർട്ടുകൾ പ്രകാരം പോർട്ടോ നേടിയ ലാഭത്തിന്റെ ഇരുപതു ശതമാനം പോയിരിക്കുന്നത് ജിയുലിയാനോ ബെർടോലൂച്ചി, ബ്രൂണോ മസെഡോ എന്നീ ഏജന്റുമാർക്കാണ്. ബെൻഫിക്ക പ്രസിഡന്റ് ലൂയിസ് ഫിലിപ്പെ വിയേരയുടെ രാജിയിലേക്ക് നയിച്ച പോലീസ് ഓപ്പറേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരിൽ ഇവർ രണ്ടു പേരും ഉൾപ്പെടുന്നു എന്നതാണ് മിലിറ്റാവോ ട്രാൻസ്ഫറും അന്വേഷണത്തിന്റെ പരിധിയിൽ വരാൻ കാരണം.

സാവോ പോളോയിൽ നിന്നും മിലിറ്റാവോ പോർട്ടോയിലേക്ക് ചേക്കേറിയ ട്രാൻസ്ഫറും അന്വേഷണ വിധേയമാണ്. ഇതിന്റെ പുറകിലുള്ള പ്രധാന കഥാപാത്രമായ പെഡ്രോ പിന്യോ പോർട്ടോ പ്രസിഡന്റായ ജോർജ് നുനോ പിന്റോ ഡാ കോസ്റ്റയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇദ്ദേഹം ടിവിഐയുടെ ക്യാമറാമാനു നേരെ അതിക്രമം കാണിച്ചുവെന്ന ആരോപണവും നേരിടുന്നുണ്ട്.

നിലവിലെ പോർട്ടോ പ്രസിഡന്റിന്റെ മകനായ അലക്‌സാൻഡ്രോ പിന്റോ ഡാ കോസ്റ്റയുടെ ബിസിനസ് പങ്കാളി കൂടിയാണ് പെഡ്രോ പിന്യോ. താരങ്ങളെയും റഫറിയെയും വാങ്ങാൻ ഈ കമ്മീഷൻ തുക ഉപയോഗിച്ചുവെന്ന ആരോപണം തെളിയിക്കപ്പെട്ടാലും അതു റയലിനെയും ബ്രസീലിയൻ താരത്തെയും നേരിട്ടു ബാധിക്കാൻ സാധ്യതയില്ല.


facebooktwitterreddit