ലോകകപ്പ് യോഗ്യതക്കുള്ള യൂറോപ്യൻ പ്ലേ ഓഫിൽ പരാജയപ്പെട്ട് ഇറ്റലി, ഫൈനലിലേക്ക് മുന്നേറി പോർച്ചുഗൽ

2022 ലോകകപ്പിനുള്ള യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട് നിലവിലെ യൂറോ ജേതാക്കളായ ഇറ്റലി. യൂറോപ്യൻ പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയക്കെതിരെ 1-0ത്തിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇറ്റലി ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിന് ഉണ്ടാവില്ല. നോർത്ത് മാസിഡോണിയക്ക് വേണ്ടി 90+2ആം മിനുറ്റിൽ അലക്സാണ്ടർ ട്രാജ്കോവ്സ്കിയാണ് വിജയഗോൾ നേടിയത്.
അതേ സമയം, തുർക്കിക്കെതിരെ 3-1ന്റെ വിജയം കരസ്ഥമാക്കിയ പോർച്ചുഗൽ യൂറോപ്യൻ പ്ലേഓഫ് ഫൈനലിലേക്ക് മുന്നേറി. മത്സരത്തിന്റെ 15ആം മിനുറ്റിൽ ഒറ്റാവിയയിലൂടെയും 42ആം മിനുറ്റിൽ ഡിയോഗോ ജോട്ടയിലൂടെയും ഗോൾ നേടി ആദ്യ പകുതിയിൽ രണ്ട് ഗോൾ ലീഡ് കരസ്ഥമാക്കിയ പോർച്ചുഗലിനെതിരെ 65ആം ബുറാക്ക് യിൽമാസിലൂടെ തുർക്കി ഗോൾ തിരിച്ചുവരവിന്റെ പ്രതീതി ഉയർത്തിയെങ്കിലും, പരിക്ക് സമയത്തിന്റെ നാലാം മിനുറ്റിൽ മാത്യുസ് നൂനെസിന്റെ ഗോളിലൂടെ പറങ്കിപ്പട വിജയം ഉറപ്പിക്കുകയായിരുന്നു.
പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ആ മത്സരത്തിൽ വിജയിച്ചാൽ 2022 ലോകകപ്പിന് യോഗ്യത നേടാൻ പോർചുഗലിനാകും.
അതേ സമയം, ഗ്രൂപ്പ് എയിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ഓസ്ട്രിയയെ 2-1ന് പരാജയപ്പെടുത്തിയ വെയിൽസും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. മാറ്റിവെച്ച ഉക്രൈൻ-സ്കോട്ലൻഡ് മത്സരത്തിലെ വിജയികളെയാവും വെയിൽസ് ഫൈനലിൽ നേരിടുക.
ഗ്രൂപ്പ് ബിയിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ സ്വീഡനും ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ പോളണ്ടാണ് സ്വീഡന്റെ എതിരാളികൾ.