Football in Malayalam

യൂറോ കപ്പിന്റെ ഫൈനലിൽ ജർമനി-പോർച്ചുഗൽ മത്സരം വന്നാൽ അതിൽ പോർച്ചുഗൽ ജയിക്കുമെന്ന് ഫെർണാണ്ടോ സാന്റോസ്

Jouhar KK
Fernando Santos
Fernando Santos / Alexander Hassenstein/Getty Images
facebooktwitterreddit

യൂറോ കപ്പ് ഫൈനലിൽ ജർമനിയുമായി ഏറ്റുമുട്ടാനുള്ള ഒരു അവസരം പോർച്ചുഗലിന് ലഭിച്ചാൽ അതിൽ പോർച്ചുഗൽ ജയിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ടീം കോച്ച് ഫെർണാണ്ടോ സാന്റോസ്.

യൂറോ കപ്പിലെ തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ജർമനിയോട് 4-2ന്റെ പരാജയം പോർച്ചുഗൽ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, പോർച്ചുഗൽ ലോകത്തിലെ ഏറ്റവും മികച്ച 10 ടീമുകളിൽ ഒന്നാണെന്ന് പറഞ്ഞ സാന്റോസ്, ഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വരുകയാണെങ്കിൽ വിജയിക്കുക തങ്ങളാകുമെന്ന് വിശ്വസിക്കുന്നതായും വ്യക്തമാക്കി.

"നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച 10 ടീമുകളിൽ ഒന്നാണ് പോർച്ചുഗൽ, ഞാൻ അത് പറയുന്നത് ആത്മവിശ്വാസത്തോടെയാണ്. ജർമനിയോട് അവരുടെ സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഞങ്ങളാണ് ഫേവറിറ്റുകൾ എന്ന് നമുക്ക് കരുതാനാവില്ല. ജർമനി ഞങ്ങളെക്കാൾ നന്നായി കളിച്ചു, പക്ഷേ, പോർച്ചുഗൽ-ജർമനി ഫൈനൽ വരുകയാണെങ്കിൽ അതിൽ പോർച്ചുഗൽ ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," സാന്റോസ് പറഞ്ഞു.

യൂറോ കപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരകളിൽ ഒന്ന് സ്വന്തമായുള്ള പോർച്ചുഗൽ ജർമനിക്കെതിരെ നാല് ഗോളുകൾ വഴങ്ങിയത് ചിലരെയെങ്കിലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാവും. മത്സരത്തിൽ ടീം വരുത്തിയ പിഴവുകളെ കുറിച്ച് സംസാരിക്കവെ ഈ തോൽ‌വിയിൽ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് സാന്റോസ് പറഞ്ഞു.

"മത്സരത്തിന്റെ പ്രതിരോധഘട്ടങ്ങളിൽ പോർച്ചുഗൽ ശക്തരാണ്. ഞാൻ കോച്ചായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ ഞങ്ങളുടെ ടീം നാലു ഗോളുകൾ വഴങ്ങുന്നത്. ടീമിലെ കളിക്കാരെല്ലാം നന്നായി പരിശ്രമിച്ചു, പക്ഷേ എല്ലായ്പ്പോഴും ഫലം നമുക്കനുകൂലമാവില്ലല്ലോ. ഈ തോൽവിയിൽ ടീം കോച്ചിനും ഉത്തരവാദിത്വമുണ്ട്," സാന്റോസ് കൂട്ടിച്ചേർത്തു.

വളരെ നിർണായകമായ തങ്ങളുടെ അടുത്ത മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ ഫ്രാൻസാണ്. ഈ മത്സരത്തിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കോച്ചിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഒരുപാട് സമയം കളിച്ചിട്ടുള്ള താരങ്ങൾക്ക് ഉയർന്ന തീവ്രതയുള്ള മത്സരങ്ങളിൽ നന്നായി കളിക്കാൻ കഴിയുമോ എന്നതിനെ കുറിച്ച് ഒരു വിശകലനം ഞങ്ങൾ നടത്തും. അടുത്ത മത്സരത്തിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടാവാം. പക്ഷേ അത് ഒരിക്കലും ഒരു ശിക്ഷയായി പരിഗണിക്കേണ്ടതില്ല."


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit