Football in Malayalam

യൂറോ കപ്പിലെ നാണക്കേടിന്റെ റെക്കോർഡ് ജർമനിക്കെതിരെ സ്വന്തമാക്കി പോർച്ചുഗൽ

Sreejith N
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Kai Pfaffenbach - Pool/Getty Images
facebooktwitterreddit

ജർമനിക്കെതിരായ യൂറോ കപ്പ് മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകളുടെ തോൽവി വഴങ്ങിയതിനൊപ്പം യൂറോ കപ്പിലെ നാണക്കേടിന്റെ റെക്കോർഡും പോർച്ചുഗൽ സ്വന്തമാക്കി. റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗലാണ് മത്സരത്തിൽ മുന്നിലെത്തിയതെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വന്ന ജർമനി യൂറോ കപ്പിലെ ആദ്യത്തെ ജയം സ്വന്തമാക്കുകയായിരുന്നു. മരണ ഗ്രൂപ്പിൽ ഫ്രാൻസിനെതിരായ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ജർമനി വിജയത്തോടെ നോക്ക്ഔട്ട് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്‌തു.

യൂറോ കപ്പ്, ലോകകപ്പ് എന്നീ ടൂർണമെന്റുകളിലായി ഇതുവരെ അറുപത്തിയേഴു മത്സരങ്ങൾ കളിച്ചിട്ടുള്ള പോർച്ചുഗൽ ഇതു രണ്ടാം തവണ മാത്രമാണ് ഒരു മത്സരത്തിൽ നാലു ഗോൾ വഴങ്ങുന്നത്. ജർമനിക്കെതിരെയായിരുന്നു പോർച്ചുഗൽ രണ്ടു തവണയും നാലു ഗോൾ വഴങ്ങിയതെന്ന പ്രത്യേകത കൂടിയുണ്ട്. 2014 ലോകകപ്പിലാണ് ഇതിനു മുൻപ് പോർച്ചുഗൽ ജർമനിക്കെതിരെ നാല് ഗോൾ വഴങ്ങിയത്.

അതിനു പുറമെ നിലവിലെ യൂറോ ചാമ്പ്യന്മാരായതു കൊണ്ടും നിരാശപ്പെടുത്തുന്ന റെക്കോർഡ് പോർച്ചുഗലിന്റെ തേടിയെത്തി. യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാരായി നിൽക്കുന്ന ടീം ഒരു മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങുന്നത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പോർച്ചുഗൽ ആ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്ന വ്യക്തമായ സൂചനകളാണ് മത്സരം നൽകിയത്.

റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളടങ്ങിയ ആക്രമണനിരയും പ്രതിരോധത്തിൽ റൂബൻ ഡയസ്, പെപ്പെ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമാണ് പോർച്ചുഗലിനെ യൂറോ കപ്പ് കിരീടസാധ്യതയുള്ള ടീമാക്കി മാറ്റിയതെങ്കിലും ജർമനിക്കെതിരായ മത്സരം ടീമിന് ആശങ്കകൾ നൽകുന്നതാണ്. ജർമനിയുടെ വേഗതയുള്ള ആക്രമണങ്ങൾക്കു മുന്നിൽ പോർച്ചുഗീസ് പ്രതിരോധത്തിന്റെ മതിൽക്കെട്ടു പൊലിഞ്ഞപ്പോൾ മുന്നേറ്റനിര ഭേദപ്പെട്ട പ്രകടനം നടത്തിയെന്നതാണ് ആശ്വസിക്കാൻ വകയുള്ളത്.

പോർച്ചുഗലിന്റെ തോൽവിയോടെ യൂറോ കപ്പിലെ മരണഗ്രൂപ്പിലെ അവസാന പോരാട്ടങ്ങൾ വളരെയധികം ആവിധം നിറഞ്ഞതായിരിക്കും എന്നുറപ്പായി. അവസാന മത്സരത്തിൽ ഫ്രാൻസിനെതിരെ തോൽവി വഴങ്ങിയാൽ പോർച്ചുഗലിന്റെ നോക്ക്ഔട്ട് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് സംഭവിക്കുക. അതേസമയം കരുത്തന്മാർക്ക് വെല്ലുവിളിയുയർത്തിയ ഹംഗറിയെ മറികടക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജർമനി.

facebooktwitterreddit