2022 ലോകകപ്പ് യോഗ്യത പ്ലേഓഫ് വഴി നേടേണ്ട അവസ്ഥയിലെത്തിയെങ്കിലും ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗൽ പുറത്താക്കില്ല


സെർബിയക്കെതിരെ നടന്ന അവസാന ലോകകപ്പ് യോഗ്യത മത്സരത്തിൽ തോൽവി നേരിട്ട് ഖത്തർ ലോകകപ്പിനെത്താൻ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ട അവസ്ഥയിലെത്തിയെങ്കിലും പോർച്ചുഗൽ പരിശീലകസ്ഥാനത്ത് ഫെർണാണ്ടോ സാന്റോസ് തുടരും. ലോകകപ്പ് യോഗ്യത നേടാൻ ഒരു സമനില മാത്രം മതിയായിരുന്ന പോർച്ചുഗൽ അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് തോൽവി നേരിട്ടത്.
പോർച്ചുഗലിന്റെ തോൽവിയിൽ ടീമിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം രോഷം പ്രകടിപ്പിച്ചിരുന്നു. പരിശീലകനായ സാന്റോസിനോട് വരെ താരം തന്റെ രോഷം പ്രകടമാക്കിയത് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ടീമിനു യൂറോ കിരീടം നേടിക്കൊടുത്ത അദ്ദേഹം പരിശീലകസ്ഥാനത്തു നിന്നും പുറത്തു പോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായത്.
എന്നാൽ പ്ലേ ഓഫിലൂടെ പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാൻ ഇനിയും അവസരമുണ്ട് എന്നിരിക്കെ സാന്റോസിനെ പുറത്താക്കേണ്ടെന്നാണ് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്നാണ് പ്രാദേശിക മാധ്യമമായഎ ബോലറിപ്പോർട്ടു ചെയ്യുന്നത്. പ്ലേ ഓഫ് വരേക്കും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണിയില്ലെന്നും യോഗ്യത നേടിയാൽ സാന്റോസ് തന്നെ ലോകകപ്പിൽ ടീമിനെ നയിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം മറ്റൊരു പോർച്ചുഗീസ് മാധ്യമമായ റെക്കോർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ സാന്റോസിന്റെ തന്ത്രങ്ങൾ പഴയതാണെന്നും ടീമിലെ താരങ്ങൾക്കു തന്നെ അതിൽ താൽപര്യമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ നിലവിൽ അദ്ദേഹം പുറത്തു പോകാനുള്ള യാതൊരു സാധ്യതയുമില്ലെന്നും അവർ അതിനൊപ്പം കൂട്ടിച്ചേർക്കുന്നു.
ഇറ്റലി, സ്വീഡൻ, പോളണ്ട് എന്നീ ടീമുകൾ ലോകകപ്പ് പ്ലേ ഓഫിൽ ഉള്ളതിനാൽ തന്നെ കടുത്ത പോരാട്ടത്തിലൂടെ മാത്രമേ പോർച്ചുഗലിന് യോഗ്യത നേടാൻ കഴിയുകയുള്ളൂ. അതേസമയം ഏതെങ്കിലും തരത്തിൽ യോഗ്യത നേടാൻ കഴിയാതെ വന്നാൽ മുപ്പത്തിയാറുകാരനായ റൊണാൾഡോയെ സംബന്ധിച്ച് അത് ഏറ്റവും വലിയ നിരാശ തന്നെയാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.