നോര്‍ത്ത് മാസിഡോണിയക്കെതിരെയുള്ള പോര്‍ച്ചുഗലിന്റെ സാധ്യതാ ലൈനപ്പ്

2022 ലോകകപ്പിലേക്കുള്ള ടിക്കറ്റ് നേടാൻ പോർച്ചുഗലിന് മുന്നിൽ നോർത്ത് മാസിഡോണിയ എന്ന ഒരു കടമ്പ കൂടി മാത്രമാണുള്ളത്. ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരത്തിൽ തുർക്കിയെ 3-1ന് പരാജയപ്പെടുത്തിയ പോർച്ചുഗലിന് നോർത്ത് മാസിഡോണിയയെ കൂടി വീഴ്ത്താൻ കഴിഞ്ഞാൽ ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിക്കാൻ കഴിയും.
ഫിഫ റാങ്കിങ്ങിൽ 67ആം സ്ഥാനത്താണെങ്കിലും, നിലവിലെ യൂറോ ജേതാക്കളും കരുത്തരുമായ ഇറ്റലിയെ വീഴ്ത്തിയാണ് നോർത്ത് മാസിഡോണിയ പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറിയത്. അതിനാൽ, ചില്ലറക്കാരല്ല പോർച്ചുഗലിന്റെ എതിരാളികൾ എന്ന് വ്യക്തം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പെടെയുള്ള താരനിബിഢമായ ഒരു സ്‌ക്വാഡ് ഉള്ള പോർച്ചുഗലിന് നോർത്ത് മാസിഡോണിയ എന്ന കടമ്പ മറികടക്കാൻ ആകുമോ? മത്സരത്തിൽ പോർച്ചുഗലിന്റെ സാധ്യത ഇലവൻ നമുക്ക് നോക്കാം...
ഗോള്‍കീപ്പര്‍ & പ്രതിരോധം
ഡിയഗോ കോസ്റ്റ (ഗോള്‍കീപ്പര്‍) - തുര്‍ക്കിക്കെതിരെ ഗോള്‍വലകാത്ത കോസ്റ്റ തന്നെയായിരിക്കും പോർച്ചുഗൽ ഗോൾവലക്ക് കീഴെ.
ജോവോ ക്യാൻസലോ (റൈറ്റ്-ബാക്ക്) - തുര്‍ക്കിക്കെതിരെയുള്ള മത്സരം സസ്‌പെൻഷൻ മൂലം നഷ്ടപ്പെട്ട താരം ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
ജോസെ ഫോണ്ടെ (സെന്റര്‍-ബാക്ക്) - തുർക്കിക്കെതിരെ മോശം പ്രകടനമായിരുന്നെങ്കിലും, പരിക്കിൽ നിന്ന് മുക്തനാവാത്ത റൂബൻ ഡയസിന്റെ അഭാവത്തിൽ പോർച്ചുഗീസ് പ്രതിരോധനിരയിൽ ഫോണ്ടെയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഡാനിലോ പേരേര (സെന്റര്‍ബാക്ക്) - കോവിഡിൽ നിന്ന് മുക്തനായ പെപെ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ആദ്യ ഇലവനിൽ പെരേരയെ തന്നെ കളിപ്പിക്കാൻ സാധ്യതയുണ്ട്.
റാഫേല്‍ ഗ്വരേറോ (ലെഫ്റ്റ് ബാക്ക്) - പ്രതിരോധം അരക്കെട്ടുറപ്പിക്കാനും, മുന്നേറ്റനീക്കങ്ങൾ സൃഷ്ടിക്കാനും ഗ്വരേറോയെ പ്രതീക്ഷിക്കാം.
മധ്യനിര താരങ്ങൾ
ജോവോ മൗട്ടീഞ്ഞോ (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍) - മധ്യനിരയിലിരുന്ന് ചരട് വലിക്കാന്‍ മൗട്ടീഞ്ഞോയെ പ്രതീക്ഷിക്കാം.
ഒട്ടാവിയോ (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - തുർക്കിക്കെതിരെ മിന്നും പ്രകടനം പുറത്തെടുത്ത താരം ആദ്യ ഇലവനിലെ തന്റെ സ്ഥാനം നിലനിറുത്തിയേക്കും.
ബ്രൂണോ ഫെര്‍ണാണ്ടസ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - തുർക്കിക്കെതിരെ പുറത്തെടുത്തതിനെക്കാൾ മികച്ചൊരു പ്രകടനമാണ് താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബെർണാർഡോ സില്‍വ ( അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - പോർച്ചുഗീസ് നിരയിലെ നിർണായക സാന്നിധ്യം. തുർക്കിക്കെതിരെ മികച്ച പ്രകടനം. നോർത്ത് മാസിഡോണിയക്കെതിരെയും ആദ്യ ഇലവനിൽ താരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മുന്നേറ്റനിര താരങ്ങൾ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (സ്‌ട്രൈക്കര്‍) - പോർച്ചുഗീസ് ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യം. തുർക്കിക്കെതിരെ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും, മികച്ച പ്രകടനം. നോർത്ത് മാസിഡോണിയക്കെതിരെ ഉറപ്പായും ആദ്യ ഇലവനിൽ ഉണ്ടാകും.
ഡിയഗോ ജോട്ട (സ്‌ട്രൈക്കര്‍) - സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ജോട്ട തുർക്കിക്കെതിരെ ഗോൾ നേടിയിരുന്നു. മുന്നേറ്റനിരയിൽ റൊണാൾഡോയുടെ പങ്കാളിയായി ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയേറെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.