റെക്കോർഡുകൾ നേടുന്നതിനു വേണ്ടിയല്ല, റൊണാൾഡോ കൂടുതൽ കളിക്കേണ്ടത് ആവശ്യമാണെന്ന് പോർച്ചുഗീസ് പരിശീലകൻ സാന്റോസ്


ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂടുതൽ കളിസമയം ലഭിക്കേണ്ടത് ആവശ്യമാണെന്ന് പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഖത്തറിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ മത്സരത്തിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിൽ റൊണാൾഡോ നാലാം സ്ഥാനത്തേക്ക് മുന്നേറും.
എന്നാൽ അപ്രധാനമായൊരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ റൊണാൾഡോയെ ഇറക്കുന്നത് ഏറ്റവുമധികം ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് വേഗത്തിൽ സ്വന്തമാക്കാൻ വേണ്ടിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ സാന്റോസ് തള്ളിക്കളഞ്ഞു. റൊണാൾഡോക്ക് എപ്പോൾ വേണമെങ്കിലും ആ റെക്കോർഡ് തിരുത്താൻ കഴിയുമെന്നും താരം കൂടുതൽ കളിക്കേണ്ടത് ആവശ്യമാണെന്നും സാന്റോസ് പറഞ്ഞു.
Man Utd boss Ole Gunnar Solskjaer seems to have annoyed Cristiano Ronaldo's international manager ? https://t.co/jFcE15yPiQ
— Express Sport (@DExpress_Sport) October 8, 2021
"ഖത്തറിനെതിരായ മത്സരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതു റെക്കോർഡുകൾക്കു വേണ്ടിയല്ല, റൊണാൾഡോ എപ്പോൾ വേണമെങ്കിലും ആ റെക്കോർഡ് തകർക്കും, താരത്തിന് അതേക്കുറിച്ച് ആശങ്കയേയില്ല. റൊണാൾഡോ ആ മത്സരം കളിക്കുന്നത് കളിസമയം ആവശ്യമായതു കൊണ്ടാണ്. അതീ ഘട്ടത്തിൽ വളരെ പ്രധാനമാണ്."
"ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനമായി ഒരു മത്സരം മുഴുവൻ കളിച്ചിരിക്കുന്നത് ചാമ്പ്യൻസ് ലീഗിലാണ്. ലക്സംബർഗിനെതിരെ മാത്രമാണ് താരത്തെ കളിപ്പിക്കുന്നതെങ്കിൽ റൊണാൾഡോ തീവ്രതയോടൊരു മത്സരം കളിച്ച് പതിനഞ്ചു ദിവസമാകും. അതുകൊണ്ടു തന്നെ റൊണാൾഡോ ഖത്തറിനെതിരെ ഇറങ്ങും എന്നാണു ഞാനിപ്പോൾ പറയുന്നത്. അത് ആദ്യ ഇലവനിലോ സെക്കൻഡ് ഹാഫിലോ ആയിരിക്കാം, അത് ലക്സംബർഗിനെതിരെ കൂടുതൽ മത്സരബുദ്ധി ലഭിക്കാൻ സഹായിക്കും." സാന്റോസ് വ്യക്തമാക്കി.
ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനു ശേഷം ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പിലാണ് പോർച്ചുഗൽ ലക്സംബർഗിനെ നേരിടുന്നത്. ഇതുവരെ അഞ്ചു മത്സരങ്ങൾ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ പൂർത്തിയാക്കിയ പോർച്ചുഗൽ ഇതുവരെ തോൽവി അറിയാതെ പതിമൂന്നു പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്.