സെർബിയക്ക് മുന്നിൽ അടിപതറി, ലോകകപ്പ് യോഗ്യത നേടാനാവാതെ പോർച്ചുഗൽ; ഇനി മുന്നിൽ പ്ലേ ഓഫ്

സെർബിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയമോ സമനിലയോ നേടിയിരുന്നെങ്കിൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ കഴിയുമായിരുന്ന പറങ്കിപ്പട, ഞെട്ടിക്കുന്ന തോൽവിയോടെ പ്ലേ ഓഫിലേക്ക് വീഴുകയായിരുന്നു. അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന പ്ലേ ഓഫ് റൗണ്ടിലാകും ഇനി പോർച്ചുഗലിന്റെ ലോകകപ്പ് ഭാവി നിർണയിക്കപ്പെടുക.
യൂറോപ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ കളിച്ചിരുന്ന പോർച്ചുഗൽ, സെർബിയക്കെതിരെ നടന്ന തങ്ങളുടെ അവസാന ക്വാളിഫയിംഗ് പോരാട്ടത്തിനിറങ്ങുമ്പോൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായിരുന്നു. ഇത് കൊണ്ടു തന്നെ ഒരു സമനില നേടുന്നത് ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ അവരെ സഹായിക്കുമായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ റെനാറ്റോ സാഞ്ചസ് നേടിയ ഗോളിൽ ലീഡെടുത്ത റൊണാൾഡോയും സംഘവും അനായാസം ലോകകപ്പ് യോഗ്യത കരസ്ഥമാക്കുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചത്.
മുപ്പത്തിമൂന്നാം മിനുറ്റിൽ ദസൻ ടാഡിച്ചിന്റെ ഗോളിൽ മത്സരം സമനിലയിലെത്തിച്ച സെർബിയ നിശ്ചിത സമയം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ മിട്രോവിച്ച് നേടിയ തകർപ്പൻ ഹെഡർ ഗോളിൽ മത്സരത്തിൽ മുന്നിലെത്തുകയായിരുന്നു. ഒരു ഗോളിന് പിന്നിലായ പറങ്കിപ്പടക്ക് പിന്നീട് തിരിച്ചടിക്കാൻ സമയമുണ്ടായിരുന്നില്ല. അപ്രതീക്ഷിത തോൽവി നേരിട്ട അവർ പ്ലേ ഓഫിലേക്ക് വീഴുകയും ചെയ്തു.
ഗ്രൂപ്പ് എ യിൽ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുകൾ നേടിയാണ് സെർബിയ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നതെങ്കിൽ, 17 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പോർച്ചുഗൽ പ്ലേ ഓഫ് റൗണ്ടിലേക്കെത്തിയിരിക്കുന്നത്. അടുത്ത വർഷം മാർച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. പ്ലേ ഓഫ് ഗ്രൂപ്പുകളെ തീരുമാനിക്കാനുള്ള ഡ്രോ ഈ മാസാവസാനം നടക്കും.
LATE DRAMA ?
— European Qualifiers (@EURO2024) November 14, 2021
?? The moment Mitrović scored the winning goal for Serbia...#WCQ pic.twitter.com/GCet5lTAom
യോഗ്യതാ മത്സരങ്ങളിൽ 10 ഗ്രൂപ്പുകളിലും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകളും, യുവേഫ നേഷൻസ് ലീഗിലെ ഉയർന്ന രണ്ട് റാങ്കുകാരായ ടീമുകളുമാണ് ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് റൗണ്ടിൽ മത്സരിക്കുക. പ്ലേ ഓഫിലൂടെ മൂന്ന് ടീമുകൾക്ക് മാത്രമേ ലോകകപ്പിലേക്ക് യോഗ്യത ലഭിക്കൂ എന്നതിനാൽ ഇന്നലെ സെർബിയക്കെതിരെ സംഭവിച്ച പരാജയം പോർച്ചുഗലിന് വിചാരിക്കുന്നതിലും വലിയ ആഘാതമാണ് നൽകുന്നത്.