Football in Malayalam

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം റൊണാൾഡോയെ അധിക്ഷേപിച്ചു; പോർട്ടോയുടെ സ്റ്റേഡിയം അനൗൺസർക്ക് പണി കിട്ടി

Gokul Manthara
Juventus v FC Porto - UEFA Champions League
Juventus v FC Porto - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അധിക്ഷേപിച്ച എഫ് സി പോർട്ടോയുടെ സ്റ്റേഡിയം അനൗൺസർക്ക് പിഴ ശിക്ഷ വിധിച്ച് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ.‌ ഈ വർഷം മാർച്ചിൽ പോർട്ടോയും, യുവന്റസും തമ്മിൽ നടന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയായിരുന്നു പോർട്ടോ സ്റ്റേഡിയത്തിലെ അനൗൺസറായ ഫെർണാണ്ടോ സോൾ, യുവന്റസിനേയും, റൊണാൾഡോയേയും, അദ്ദേഹത്തിന്റെ കുടുംബത്തേയും അപമാനിച്ചത്. ഇത് വലിയ വിവാദമായതോടെ സംഭവത്തിൽ ഈ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു‌.

ഈ വർഷം മാർച്ച് 10-ം തീയതിയായിരുന്നു പോർട്ടോയും, യുവന്റസും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരം നടന്നത്. ഈ മത്സരത്തിൽ യുവന്റസ് 3-2 ന് വിജയിച്ചതോടെ പ്രീക്വാർട്ടറിന്റെ ഇരു പാദങ്ങളിലുമായി സ്കോർ 4-4 ആയെങ്കിലും എവേ ഗോളുകളുടെ മുൻ തൂക്കം പോർട്ടോയെ അടുത്ത റൗണ്ടിലേക്ക് നയിക്കുകയായിരുന്നു‌‌.

യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ‌ പോർട്ടോയിലെ അനൗൺസറായ ഫെർണാണ്ടോ സോൾ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലായി റൊണാൾഡോയെ അപമാനിച്ചതായാണ് പോർച്ചുഗീസ് മാധ്യമം എ ബോല റിപ്പോർട്ട് ചെയ്യുന്നത്. റൊണാൾഡോയെ 'പന്നിയെന്നും' യുവന്റസിനെ 'ഇറ്റാലിയൻ മോഷ്ടാക്കൾ' എന്നും വിളിച്ച സോൾ, റൊണാൾഡോയുടെ അമ്മയായ ഡോളോറസിനെ വയസായ സ്ത്രീയെന്നും പരാമർശിച്ചു.

ഫെർണാണ്ടോ സോളിന്റെ പരാമർശങ്ങൾ അതിരു കടന്നുവെന്ന് കണ്ടെത്തിയ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷ‌‌ൻ 1430 പൗണ്ടാണ് ( ഏകദേശം 1.48 ലക്ഷം ഇന്ത്യൻ രൂപ) സംഭവത്തിൽ അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ഈ പിഴത്തുക റൊണാൾഡോക്ക് സോൾ നൽകണമെന്നാണ് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം ഇതാദ്യമായല്ല ഒരു മോശം കാര്യത്തിലൂടെ സോൾ വാർത്തകളിൽ നിറയുന്നത്. നേരത്തെ പോർട്ടോയും, ബെൻഫിക്കയും തമ്മിൽ നടന്ന‌ മത്സരങ്ങളിലൊന്നിനിടെ സ്റ്റേഡിയത്തിലെ മൈക്കിൽ എതിർ ടീമിനെ പരിഹസിച്ച് അലറി വിളിച്ചതിന് ജോലിയിൽ നിന്ന് 30 ദിവസ വിലക്ക് ലഭിച്ചിട്ടുള്ളയാളാണ് അദ്ദേഹം.

facebooktwitterreddit