Football in Malayalam

ന്യൂകാസിലിനെതിരായ മത്സരത്തിൽ പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ച് പോഗ്ബ

Sreejith N
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരം റൊണാൾഡോയുടെ തിരിച്ചുവരവു കൊണ്ടും ഇരട്ടഗോൾ പ്രകടനം കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ആ മത്സരത്തിൽ അതിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മധ്യനിരയിൽ പോൾ പോഗ്ബ നടത്തിയത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ നടന്ന പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ നാല് അസിസ്റ്റുകൾ സ്വന്തമാക്കിയ ഫ്രഞ്ച് താരം ഇന്നലത്തെ മത്സരത്തിലും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയിരുന്നു.

പ്രീമിയർ ലീഗിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് പോഗ്ബക്ക് ഗോൾനേട്ടത്തിൽ പങ്കാളിയാവാൻ കഴിഞ്ഞിട്ടില്ലാത്തത്. വോൾവ്‌സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് വിജയിച്ച കഴിഞ്ഞ കളിയിലായിരുന്നു അത്. ലീഡ്‌സ്, സൗത്താംപ്ടൺ, ന്യൂകാസിൽ എന്നിവർക്കെതിരായ അസിസ്റ്റ് നേട്ടത്തോടെ പ്രീമിയർ ലീഗിൽ പുതിയൊരു റെക്കോർഡും പോഗ്ബ സ്വന്തമാക്കി.

ഈ സീസണിലെ ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഏഴു അസിസ്റ്റുകളാണ് പോഗ്ബയുടെ പേരിലുള്ളത്. പ്രീമിയർ ലീഗിൽ ഇതുവരെ മറ്റൊരു താരത്തിനും ആദ്യ നാല് മത്സരങ്ങളിൽ നിന്നും ഇത്രയധികം ഗോളുകൾക്ക് വഴിയൊരുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ 2021 വർഷത്തിൽ 10 പ്രീമിയർ ലീഗ് അസിസ്റ്റുകൾ സ്വന്തം പേരിലുള്ള ഒരേയൊരു കളിക്കാരനും ഫ്രഞ്ച് മധ്യനിര താരമാണ്.

അനായാസം ഗോളുകൾക്ക് വഴിയൊരുക്കാൻ കഴിയുന്ന പോഗ്ബയും ഗോളടിച്ചു കൂട്ടാൻ ക്രിസ്റ്റ്യാനോ റൊണാൾഡൊയും ഉള്ളതിനാൽ വലിയ പ്രതീക്ഷകളോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഈ സീസണിനെ കാണുന്നത്. റൊണാൾഡോ വന്നതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ ടീം മികച്ച പ്രകടനം നടത്തിയ ടീമിലെ താരങ്ങൾ കൂടുതൽ ഒരുമിച്ചു കളിക്കുന്നത് കൂടുതൽ മികവിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.

ഈ സീസണിൽ യുണൈറ്റഡ് കുതിപ്പു കാണിച്ചാൽ അത് പോഗ്ബയുടെ ഭാവിയിലും നിർണായകമാകും. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ പോഗ്ബ കരാർ പുതുക്കി ടീമിനൊപ്പം തുടരാനുള്ള സാധ്യതയുണ്ട്.

facebooktwitterreddit