Football in Malayalam

'ഇതു ഞാൻ കളിച്ചതിൽ വെച്ചേറ്റവും കരുത്തുറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം' - കിരീടങ്ങൾ നേടാനാകുമെന്ന പ്രതീക്ഷയിൽ പോഗ്ബ

Sreejith N
Paul Pogba with Raphael Varane and Harry Maguire
Paul Pogba with Raphael Varane and Harry Maguire / Visionhaus/Getty Images
facebooktwitterreddit

സമ്മർ ജാലകത്തിൽ ലക്ഷ്യമിട്ട ട്രാൻസ്‌ഫറുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു പൂർത്തിയാക്കാൻ കഴിഞ്ഞതിലും ടീമിലെത്തിയ താരങ്ങളിലും സംതൃപ്‌തി പ്രകടിപ്പിച്ച് മധ്യനിര താരം പോൾ പോഗ്ബ. താൻ കളിച്ചിട്ടുള്ളതിൽ വെച്ചേറ്റവും കരുത്തുറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഇതാണെന്നു പറഞ്ഞ പോഗ്ബ താരം ഈ സീസണിൽ കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസവും പ്രകടിപ്പിച്ചു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ടിരുന്ന പ്രധാന താരങ്ങൾ മാഡ്രിഡിന്റെ റാഫേൽ വരാനെയും ബൊറൂസിയ ഡോർട്മുണ്ടിന്റ്റെ ജാഡൻ സാഞ്ചോയും ആയിരുന്നു. ഇരുവരെയും നേരത്തെ തന്നെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സ്വന്തമാക്കി കൂടുതൽ കരുത്തരായാണ് സീസണു വേണ്ടി ഒരുങ്ങിയിരിക്കുന്നത്.

"വളരെ കരുത്തുറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം എല്ലായിപ്പോഴുമുണ്ട്. എന്നാൽ ഞാൻ കളിച്ചിട്ടുള്ളതിൽ വെച്ചേറ്റവും കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഇതാണ്. ഈ ക്ലബിന്റെ ഡിഎൻഎയിൽ തന്നെ കിരീടങ്ങൾ നേടുകയെന്നതുണ്ട്. അതിനു കഴിയുന്ന ടീമും ഇപ്പോഴുണ്ട്. അതു ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും കിരീടം നേടാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും," ടിവി2വിനോട് പോഗ്ബ പറഞ്ഞു.

അതേസമയം ഒരു വർഷം മാത്രം ബാക്കിയുള്ള തന്റെ കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിക്കാൻ പോഗ്ബ വിസമ്മതിച്ചു. അതേക്കുറിച്ചുള്ള ചോദ്യത്തിന് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തൃപ്‌തനാണെന്നും കഴിഞ്ഞ സീസണിൽ കൊറോണ വൈറസ് ബാധിച്ചതു കൊണ്ട് മികച്ച രീതിയിൽ തയ്യാറെടുക്കാൻ കഴിഞ്ഞില്ലെന്നും ഈ സീസണിൽ അതിനു കഴിഞ്ഞുവെന്നും, മികച്ച തുടക്കം ലഭിച്ചുവെന്നുമാണ് താരം പ്രതികരിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷെയർ ടീമിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ പോഗ്ബ പ്രശംസിക്കുകയും ചെയ്‌തു. താരങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മികവുള്ള, ക്ലബ്ബിനെ കുറിച്ച് വ്യക്തമായി അറിയുന്ന അദ്ദേഹത്തിന് കീഴിൽ അഞ്ചു വർഷത്തെ കിരീടവരൾച്ചക്ക് അവസാനം കുറിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്നും ഫ്രഞ്ച് താരം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit