Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം കാഴ്‌ച വെക്കാൻ കഴിയാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി പോഗ്ബ

Sreejith N
Pogba Reveals Reason Behind Man Utd Poor Form
Pogba Reveals Reason Behind Man Utd Poor Form / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

യുവന്റസിൽ നിന്നും അന്നത്തെ റെക്കോർഡ് ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയെങ്കിലും ക്ലബിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പോൾ പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറിയ താരം തിരിച്ച് യുവന്റസിലേക്കു തന്നെ എത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഒരു സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരമായി വിലയിരുത്തപ്പെട്ട പോഗ്ബ പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം സമ്മിശ്രമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. എന്നാൽ ആ സമയത്തു ഫ്രാൻസിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടിക്കടി പരിശീലകരെ മാറ്റിയത് തന്റെ പ്രകടനത്തെ ബാധിച്ചു എന്നാണു പോഗ്ബ പറയുന്നത്.

"നിങ്ങൾ ഒരു ടീമിൽ കളിച്ചു കൊണ്ടിരിക്കെ, അവർ ഓരോ വർഷവും പരിശീലകരെ മാറ്റുമ്പോൾ ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടായിരിക്കും. അതുമായി ഒത്തുപോകാനും ബുദ്ധിമുട്ടാണ്. എനിക്ക് ചില പരിക്കുകൾ ഉണ്ടായതും കാരണം തന്നെയാണ്. അതെന്റെ മാനസികാവസ്ഥയെ ബാധിച്ചു. എനിക്ക് കളിക്കാൻ കഴിയാതിരിക്കുമ്പോൾ 90 മിനുട്ടും കളിക്കുന്ന സമയത്തെ താളം കിട്ടില്ല."

"പരിശീലകൻ, ടീം, കളിക്കുന്ന പൊസിഷൻ ഈ ഘടകങ്ങൾ എന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഞാനിപ്പോൾ പുറത്തു വന്നിരിക്കുന്നു. ഇതൊരു പുതിയ പോളും മറ്റൊരു പോഗ്ബയുമാണ്. ഇനി ഒരിക്കലും പരിക്കു പറ്റാതിരിക്കട്ടെ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. ഞാനെന്റെ ചുമതല സ്വീകരിച്ച് പൊസിഷനിൽ നിന്നു കളിച്ച് കഴിഞ്ഞ വർഷങ്ങളേക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും." പോഗ്ബ മാധ്യമങ്ങളോട് പറഞ്ഞു.

യുവന്റസിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നാല് സീരി എ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കിയ പോഗ്ബ രണ്ടു കോപ്പ ഇറ്റാലിയ കിരീടവും നേടിയിട്ടുണ്ട്. ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനും താരത്തിന് യുവന്റസിനൊപ്പം കഴിഞ്ഞിരുന്നു. പോഗ്ബ, ഡി മരിയ തുടങ്ങിയ താരങ്ങൾ എത്തിയതോടെ യൂറോപ്പിലെ ഏതൊരു ക്ലബിനെയും വെല്ലുവിളിക്കാനുള്ള കരുത്ത് യുവന്റസ് നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit