Transfers

പോഗ്ബ യുവന്റസിലേക്കു ചേക്കേറുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വമ്പൻ വാഗ്‌ദാനം വേണ്ടെന്നു വെച്ച്

Sreejith N
Pogba Rejected Man Utd Offer To Join Juventus
Pogba Rejected Man Utd Offer To Join Juventus / Nathan Stirk/GettyImages
facebooktwitterreddit

ഫ്രഞ്ച് മധ്യനിര താരമായ പോൾ പോഗ്ബ യുവന്റസിലേക്ക് ചേക്കേറുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ച മികച്ച ഓഫർ വേണ്ടെന്നു വെച്ചിട്ടെന്നു റിപ്പോർട്ടുകൾ. യുവന്റസ് അതിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് പോഗ്ബക്ക് ഓഫർ ചെയ്‌തിരിക്കുന്നതെങ്കിലും ഇറ്റാലിയൻ ക്ലബിലേക്കു തന്നെ ചേക്കേറാൻ താരം തീരുമാനിക്കുകയായിരുന്നു.

കരിയറിൽ രണ്ടാം തവണയാണ് പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറുന്നത്. 2012ൽ യുവന്റസിൽ എത്തിയ താരത്തെ 2016ൽ റെക്കോർഡ് തുക നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിചെത്തിച്ചെങ്കിലും ആറു വർഷങ്ങൾക്കു ശേഷം വീണ്ടും ക്ലബ് വിടാനാണ് പോഗ്ബ തീരുമാനിച്ചത്. രണ്ടു തവണയും ഫ്രീ ട്രാൻസ്‌ഫറിലാണ് യുവന്റസ് പോഗ്ബയെ സ്വന്തമാക്കുന്നത്.

സ്കൈ സ്പോർട്സ് ജേർണലിസ്റ്റായ കാവേ സോൾഹ്കോൾ റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം കരാർ പുതുക്കാൻ ആഴ്‌ചയിൽ മൂന്നരലക്ഷം പൗണ്ട് പ്രതിഫലമായി നൽകാമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്‌തത്‌. എന്നാൽ ആ പ്രതിഫലം പോരെന്നു പറഞ്ഞ് കരാർ നിരസിക്കുകയാണ് ഫ്രഞ്ച് താരം ചെയ്‌തത്‌.

റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്‌ത സീസണിൽ പതിനെട്ടു മില്യൺ യൂറോ വേതനമെന്ന ഓഫർ പോഗ്ബ വേണ്ടെന്നു വെക്കുകയാണുണ്ടായത്. യുവന്റസ് അതിലും കുറഞ്ഞ വേതനമാണ് പോഗ്ബക്ക് നൽകുന്നതെങ്കിലും ഫ്രീ ഏജന്റായി ടീമിലേക്കെത്തുന്ന താരത്തിന് സൈനിങ്‌ ബോണസ് ലഭിക്കും. നാല് വർഷത്തെ കരാറാണ് താരം ഒപ്പിടുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുവന്റസിലുണ്ടായിരുന്ന സമയത്ത് മികച്ച പ്രകടനം നടത്തിയ പോഗ്ബ 177 മത്സരങ്ങൾ കളിച്ച് 34 ഗോളുകളും 40 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. നാല് സീരി എ, രണ്ട് കോപ്പ ഇറ്റാലിയ, രണ്ട് ഇറ്റാലിയൻ സൂപ്പർകപ്പ് എന്നിവ യുവന്റസിനൊപ്പം നേടിയ താരം തന്റെ പഴയ മികവ് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടുറിനിലേക്ക് തിരിച്ചെത്തുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit