മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ ഓട്ടോഗ്രാഫ് ഒപ്പിടാൻ വിസമ്മതിച്ച് പോൾ പോഗ്ബ


ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കു തിരിച്ചു വരുന്നതിനുള്ള മെഡിക്കൽ പൂർത്തിയാക്കുന്നതിനെത്തിയ പോഗ്ബ ആരാധകൻ വെച്ചു നീട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ ഓട്ടോഗ്രാഫ് ഒപ്പിടാൻ വിസമ്മതിച്ചു. 2016 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന് ഫ്രീ ഏജന്റായി യുവന്റസിലേക്ക് ചേക്കേറിയ പോഗ്ബ പ്രീമിയർ ലീഗ് ക്ലബിനോടുള്ള തന്റെ സമീപനം കൂടിയാണ് അതിലൂടെ വ്യക്തമാക്കിയത്.
അമേരിക്കയിൽ അവധി ദിവസങ്ങൾ ചിലവഴിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് പോഗ്ബ മെഡിക്കലിനായി ടുറിനിൽ എത്തിയത്. ആറു വർഷങ്ങൾക്കു ശേഷം ഇറ്റാലിയൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരത്തെ സ്വീകരിക്കാൻ നിരവധി ആരാധകർ ഒത്തുകൂടിയിരുന്നു. ഇതിനിടയിൽ ഒരു ആരാധകൻ നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലാണ് പോഗ്ബ ഒപ്പിടാൻ വിസമ്മതിച്ചത്.
Pogba rifiuta di firmare la maglia dello UTD 🤭 pic.twitter.com/3hJkfZRdRa
— Average Juventino Guy (@AJG_Official) July 9, 2022
ഓട്ടോഗ്രാഫിനായി തന്നെ സമീപിച്ച ആരാധകരുടെ അടുത്തേക്കു വന്ന പോഗ്ബ യുവന്റസിന്റെ ജേഴ്സി നൽകിയ ആരാധകർക്ക് അതൊപ്പിട്ടു നൽകിയിരുന്നു. ഇതിനിടയിലാണ് ഒരു ആരാധകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയും താരത്തിനു വെച്ചു നീട്ടുന്നത്. എന്നാൽ പോഗ്ബ അതൊപ്പിടാതെ മറ്റുള്ളവർക്ക് ഓട്ടോഗ്രാഫ് നൽകുകയും ആ ജേഴ്സി ഒപ്പിടാൻ കഴിയില്ലെന്ന് വിരലുകൾ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പടരുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
2016ൽ അന്നത്തെ ലോകറെക്കോർഡ് തുകയായ 89 മില്യൺ യൂറോക്കാണ് പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ ക്ലബിനു വേണ്ടി സമ്മിശ്രമായ പ്രകടനം നടത്തിയ താരത്തിന് ആറു വർഷത്തിനിടെ ഒരു യൂറോപ്പ ലീഗും ഒരു ഇഎഫ്എൽ കപ്പുമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. പ്രതിഫലത്തിന്റെ കാര്യത്തിൽ ധാരണയിൽ എത്താത്തതിനെ തുടർന്നാണ് പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.