Football in Malayalam

പി.എസ്.ജി പ്രസിഡന്റുമായി കൂടിക്കാഴ്ച; പോള്‍ പോഗ്ബ പി.എസ്.ജിയിലേക്കെന്ന് സൂചന

Haroon Rasheed
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലെത്താനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. പി.എസ്.ജി പ്രസിഡന്റ് നാസര്‍- അല്‍- ഖലീഫുമായി പോഗ്ബ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് താരം പി.എസ്.ജിയിലേക്ക് പോകുമെന്ന അഭ്യൂഹം പരക്കുന്നത്.

വലിയ കരാറുകള്‍ നല്‍കി മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നത് ഈയിടെ ശീലമാക്കിയ പി.എസ്.ജി പോഗ്ബക്ക് വേണ്ടിയാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. റയല്‍ മാഡ്രിഡ് തരമായിരുന്ന സെര്‍ജിയോ റാമോസ്, ബാഴ്‌സലോണ താരമായിരുന്ന ലയണല്‍ മെസ്സി, എ.സി മിലാന്‍ താരമായിരുന്ന ജിയാന്‍ലൂജി ഡോണരുമ്മ, ലിവര്‍പൂള്‍ താരമായിരുന്ന ജോര്‍ജീഞ്ഞോ വിനാല്‍ഡം തുടങ്ങിയ താരങ്ങളെ പി.എസ്.ജി ഫ്രീ ട്രാന്‍സ്ഫറിലായിരുന്നു ക്ലബിലെത്തിച്ചത്.

ഈ സമ്മറോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ അവസാനിക്കുന്ന പോഗ്ബ യുണൈറ്റഡില്‍ തുടരുന്നതിന് വേണ്ടി സമ്മതം അറിയിച്ചിട്ടില്ല. പി.എസ്.ജിക്ക് പുറമെ റയല്‍ മാഡ്രിഡ്, യുവന്റസ്, ബാഴ്‌സലോണ ക്ലബുകള്‍ താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സമയത്ത് പോഗ്ബയെ ടീമിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ അത് നടന്നില്ല.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഫ്രീ എജന്റായി ലഭിക്കുകയാണെങ്കില്‍ പോലും പോഗ്ബയെ വേണ്ടെന്ന നിലപാടിലാണ് റയല്‍ മാഡ്രിഡ് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത് . യുവതാരങ്ങളെയാണ് പെരസും സംഘവും ഇപ്പോള്‍ നോട്ടമിടുന്നത്. കൂടുതല്‍ പണം ലഭിക്കുമെന്നതിനാലും സ്വന്തം നാട്ടില്‍ കളിക്കാമെന്നതിനാലും പോഗ്ബ പി.എസ്.ജിയിലേക്ക് ചേക്കാറുനുള്ള സാധ്യത തള്ളിക്കളയാനാകില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit