മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാതെ പോൾ പോഗ്ബ


മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാതെ മധ്യനിര താരമായ പോൾ പോഗ്ബ. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെതന്റെ ഭാവിയെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് പോഗ്ബ കഴിഞ്ഞ ദിവസം പറഞ്ഞത്.
യുവന്റസിനൊപ്പം നാല് സീരി എ കിരീടങ്ങൾ നേടിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 2016ൽ ചേക്കേറിയ പോഗ്ബക്കു പക്ഷെ ഇംഗ്ലീഷ് ക്ലബിലെ കരിയർ നിരാശയാണ് സമ്മാനിച്ചത്. ആറു വർഷമായി ക്ലബിനൊപ്പമുള്ള താരത്തിന് ഒരു ഇഎഫ്എൽ കപ്പും ഒരു യൂറോപ്പ ലീഗും മാത്രമാണ് നേടാൻ കഴിഞ്ഞത്. അതിനിടയിൽ ഫ്രാൻസിനൊപ്പം ലോകകിരീടവും നേഷൻസ് ലീഗും പോഗ്ബ നേടിയിരുന്നു.
"Nothing is decided on my future."
— Rich Fay (@RichFay) March 27, 2022
Paul Pogba has been asked about his United plans again #mufc https://t.co/VGoKJhGzr0
പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള താൽപര്യം ദേശീയ ടീമിലെ സഹതാരങ്ങൾക്കൊപ്പം കളിക്കുന്നതിനു വേണ്ടിയാണെന്ന് പോഗ്ബ പറഞ്ഞിട്ടുണ്ട്. ക്ലബിലും ദേശീയ ടീമിലും ഒരേ താരങ്ങൾക്കൊപ്പം കളിക്കുന്നത് മികച്ച കാര്യമാണെന്നാണ് പോഗ്ബയുടെ അഭിപ്രായം. എന്നാൽ വരുന്ന സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നതിനെ സംബന്ധിച്ച് ഒരുറച്ച തീരുമാനം പോഗ്ബ എടുത്തിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു.
"എന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല, ഒന്നും പൂർത്തിയായിട്ടുമില്ല. എനിക്ക് നാളെ വേണമെങ്കിൽ തീരുമാനം എടുക്കാം, ട്രാൻസ്ഫർ ജാലകത്തിലും തീരുമാനമെടുക്കാം. തിരിച്ചു വന്ന് ഈ സീസൺ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം." പോഗ്ബ ടെലിഫൂട്ടിനോട് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നതിനേക്കാൾ ഫ്രാൻസ് ദേശീയ ടീമിൽ കളിക്കുന്നത് കൂടുതൽ ഊർജ്ജം നൽകുന്നുണ്ടെന്നു വ്യക്തമാക്കിയ പോഗ്ബ ഇംഗ്ലണ്ടിൽ തുടരുന്നത് ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകളെ അടിസ്ഥാനമാക്കിയാവും എന്നാണു കരുതേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് ഫോർ ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോഗ്ബ പിഎസ്ജിയിലേക്ക് ചേക്കേറാൻ തന്നെയാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.