Football in Malayalam

മെസിയേയും, റൊണാൾഡോയേയും മറികടന്ന് ബാലൺ ഡി ഓർ നേടാൻ കാന്റെക്ക് അർഹതയുണ്ടെന്ന് പോൾ പോഗ്ബ

Gokul Manthara
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / David Ramos/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ മാസ്മരിക പ്രകടനം കാഴ്ച വെച്ച ചെൽസി സൂപ്പർ താരം എൻഗോളോ കാന്റെ, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്ന് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ അർഹനാണെന്ന് പോൾ പോഗ്ബ. ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച കളികാരനായി കാന്റെ അംഗീകരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പോഗ്ബ, കാന്റെ എല്ലായ്പ്പോളും ഇതു പോലെ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്നും അതിനാൽ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ തനിക്ക് യാതൊരു അതിശയവുമില്ലെന്നും കഴിഞ്ഞ ദിവസം യൂറോ സ്പോർട്ടിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

എൻഗോളോ കാന്റെയുടെ പ്രകടനങ്ങളെക്കുറിച്ച് നമ്മൾ വളരെയധികം സംസാരിക്കാറുണ്ടെന്ന് പോഗ്ബ പറയുന്നു‌ എന്നാൽ അദ്ദേഹം എല്ലായ്പ്പോളും ഒരു പോലെ മികച്ചവനാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "(ചാമ്പ്യൻസ് ലീഗിന്റെ) സെമി ഫൈനലിൽ റൊണാൾഡോയോ മെസ്സിയോ ഉണ്ടായിരുന്നില്ല, അതിനാൽ തന്നെ മധ്യനിരതാരങ്ങളുടെയും, പ്രതിരോധനിരതാരങ്ങളുടെയും പ്രകടനങ്ങൾ കാണുന്നത് സന്തോഷകരമായിരുന്നു." പോഗ്ബ പറഞ്ഞു.

"ചെൽസി വിജയിക്കുകയാണെങ്കിൽ (ചാമ്പ്യൻസ് ലീഗിൽ) അദ്ദേഹം ബാലൺ ഡി ഓർ നേടുന്നത് ഉചിതമായിരിക്കുമെന്ന് ഞാൻ വളരെക്കാലം മുൻപ് പറഞ്ഞിരുന്നു. അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്. അവൻ എല്ലായ്പ്പോളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവൻ ചെയ്യുന്ന കാര്യങ്ങളിൽ (പ്രകടനങ്ങളിൽ) എനിക്ക് അദ്ഭുതമില്ല‌, എന്നാൽ അദ്ദേഹം ഇപ്പോളും അത് ചെയ്തു കൊണ്ടിരിക്കുന്നതിൽ മാത്രമാണ് എനിക്ക് അതിശയം. അദ്ദേഹം ഇതു പോലെയാണ് എല്ലായ്പ്പോളും കളിച്ചിട്ടുള്ളത്." ഫ്രെഞ്ച് ടീമിലെ തന്റെ സഹതാരം കൂടിയായ കാന്റെയെക്കുറിച്ച് പോഗ്ബ പറഞ്ഞു.

അതേ സമയം 2020-21 സീസണിൽ ഉജ്ജ്വല പ്രകടനമായിരുന്നു ചെൽസി ജേഴ്സിയിൽ കാന്റെ പുറത്തെടുത്തത്. ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് കിരീട ധാരണത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച കാന്റെ റയൽ മാഡ്രിഡിനെതിരായ സെമിഫൈനലിന്റെ ഇരു പാദങ്ങളിലും, ഒപ്പം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഫൈനലിലും കളിയിലെ കേമൻ പട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

facebooktwitterreddit