സോൾഷെയറുമായി പ്രശ്നങ്ങളുണ്ടെന്നും കരാർ പുതുക്കുന്നത് നിർത്തിവെച്ചുവെന്നുമുള്ള അഭ്യൂഹങ്ങളോടു പ്രതികരിച്ച് പോഗ്ബ


ലിവർപൂളിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽവി നേരിട്ട പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയറും താനുമായി പ്രശ്നങ്ങൾ ഉണ്ടായിയെന്നും ക്ലബുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തി വെച്ചു എന്നുമുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് പോൾ പോഗ്ബ.
ലിവർപൂളുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിക്കാതിരുന്ന പോഗ്ബ പകരക്കാരനായി കളത്തിലിറങ്ങി ഏതാനും മിനുറ്റുകൾക്കകം തന്നെ ചുവപ്പുകാർഡ് നേടി പുറത്തു പോയിരുന്നു. ഇതിനു പിന്നാലെയാണ് മത്സരത്തിനു ശേഷം പോഗ്ബയും സോൾഷെയറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിയെന്നും, താരം കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തിവെച്ചു എന്നുമുള്ള അഭ്യൂഹങ്ങൾ യൂറോപ്യൻ മാധ്യമങ്ങൾ പുറത്തു വിട്ടത്.
? "The less you read these people the better you are."
— SPORTbible (@sportbible) October 27, 2021
Paul Pogba hits back at claims that he snubbed Ole Gunnar Solskjaer ?https://t.co/EZuSoIfwlc
ഈ സീസൺ അവസാനിക്കുന്നതോടെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരം സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് തന്നെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ നിഷേധിച്ചത്. തന്നെപ്പറ്റി വാർത്ത വന്ന വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത താരം അത് ഫേക്ക് ന്യൂസാണെന്ന് അതിനു മുകളിൽ എഴുതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "വലിയ നുണകൾ തലക്കെട്ടുകൾ സൃഷ്ടിക്കുന്നു" എന്ന ക്യാപ്ഷനോടെയാണ് പോഗ്ബ അതു പോസ്റ്റു ചെയ്തത്.
അതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ താരം അതിനോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. വേറെയൊന്നും കിട്ടാത്തപ്പോൾ തന്റെ പേരുപയോഗിക്കുന്ന മാധ്യമങ്ങൾ നൂറു ശതമാനം വ്യാജമായ വാർത്തകൾ സൃഷ്ടിക്കയാണെന്നും തന്റെ പരിശീലകനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് ഇതിനോട് പ്രതികരിച്ചതെന്നും പോഗ്ബ പറയുന്നു. ഒരു അടിസ്ഥാനവുമില്ലാതെ എന്തു നുണയും പറയുന്ന ഈ മാധ്യമങ്ങളെ വായിക്കാതിരുന്നാൽ അത്രയും ഗുണം നിങ്ങൾക്കുണ്ടാകുമെന്നും പോഗ്ബ വ്യക്തമാക്കി.
അതേസമയം യൂറോപ്യൻ മാധ്യമങ്ങളുടെ അഭ്യൂഹങ്ങളിൽ കഴിഞ്ഞ കുറച്ചു കാലമായി നിറഞ്ഞു നിൽക്കുന്ന താരമാണ് പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ പുതുക്കാത്ത പോഗ്ബ സമ്മറിൽ പിഎസ്ജിയിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതിനൊപ്പം താരത്തിന്റെ മനസ്സിൽ യുവന്റസ് ഇപ്പോഴുമുണ്ടെന്ന പ്രതികരണം ഏജന്റും നടത്തി. ഇതുവരെയും കരാർ പുതുക്കുന്ന കാര്യത്തിൽ പോഗ്ബ തീരുമാനം എടുത്തിട്ടുമില്ല.