Football in Malayalam

പോച്ചട്ടിനോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്, സിദാൻ പിഎസ്‌ജി പരിശീലകനാവാനും സാധ്യത

Sreejith N
Real Madrid v Tottenham Hotspur - UEFA Champions League
Real Madrid v Tottenham Hotspur - UEFA Champions League / Etsuo Hara/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നത് നിലവിൽ പിഎസ്‌ജി പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയെ. അർജന്റീനിയൻ പരിശീലകന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്താൻ ആഗ്രഹം ഉണ്ടെന്നും അതുകൊണ്ടു തന്നെ പ്രീമിയർ ലീഗിലേക്കു മടങ്ങി വരവിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്നലെയാണ് മോശം ഫോമിന്റെ പേരിൽ സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്. നിലവിൽ മൈക്കൽ കാരിക്കിനാണ് താൽക്കാലികമായി ടീമിന്റെ ചുമതലയുള്ളത്. ഈ സീസൺ അവസാനിക്കുന്നതു വരെ ഒരു ഇന്ററിം കൊച്ചിനെ നിയമിച്ച് അടുത്ത സമ്മറിൽ പുതിയൊരു മികച്ച മാനേജറെ ടീമിൽ എത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.

പോച്ചട്ടിനോയിൽ മുൻപും മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപര്യം കാണിച്ചിട്ടുണ്ട്. മൗറീന്യോ പുറത്താക്കപ്പെട്ടതിനു ശേഷം 2019ൽ പോച്ചട്ടിനോയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു പദ്ധതിയുണ്ടായിരുന്നെങ്കിലും ഒടുവിൽ അവർ സോൾഷെയറെ നിയമിക്കുകയായിരുന്നു. നോർവീജിയൻ പരിശീലകനിൽ തൃപ്‌തരായിരുന്നതു കൊണ്ടു തന്നെ ഇതുവരേക്കും മറ്റൊരു മാനേജറെ പറ്റി അവർ ആലോചിച്ചിട്ടുമില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ പോച്ചട്ടിനോ തയ്യാറാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർ അലക്‌സ് ഫെർഗുസനുമായി അദ്ദേഹത്തിന് നല്ല ബന്ധമുള്ളതും ഇതിലേക്ക് വഴി തുറന്നേക്കാം. അതേസമയം പിഎസ്‌ജി ഡയറക്റ്ററായ ലിയനാർഡോയുമായി അത്ര നല്ല ബന്ധമില്ലാത്ത പോച്ചട്ടിനോക്ക് തനിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ക്ലബ്ബിലേക്ക് ചേക്കേറാൻ താൽപര്യമുണ്ട്.

അതേസമയം മൗറീസിയോ പോച്ചട്ടിനോ ക്ലബ് വിടുകയാണെങ്കിൽ അദ്ദേഹത്തിനു പകരക്കാരനായി സിനദിൻ സിദാനെ ടീമിൽ എത്തിക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നതെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. അങ്ങിനെ സംഭവിച്ചാൽ മെസി, റൊണാൾഡോ എന്നിവരെ പരിശീലിപ്പിച്ച രണ്ടു മാനേജർമാരായി മൗറീസിയോ പോച്ചട്ടിനോയും സിനദിൻ സിദാനും മാറും.

facebooktwitterreddit