Football in Malayalam

"വിജയിക്കാൻ പിഎസ്‌ജി കാര്യമായൊന്നും ചെയ്‌തില്ല"- നീസിനെതിരായ തോൽവിയെക്കുറിച്ച് പോച്ചട്ടിനോ

Sreejith N
OGC Nice v Paris Saint Germain - Ligue 1 Uber Eats
OGC Nice v Paris Saint Germain - Ligue 1 Uber Eats / Jonathan Moscrop/GettyImages
facebooktwitterreddit

ഫ്രഞ്ച് ലീഗിൽ ഇന്നലെ നീസിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്‌ജി തോൽവി വഴങ്ങിയതിൽ പ്രതികരിച്ച് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. മത്സരത്തിൽ പിഎസ്‌ജി വിജയം നേടാൻ കാര്യമായൊന്നും ചെയ്‌തില്ലെന്നു പറഞ്ഞ പോച്ചട്ടിനോ ഈ തോൽവി റയൽ മാഡ്രിഡിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള തയ്യാറെടുപ്പുകളെ ബാധിക്കില്ലെന്നു വ്യക്തമാക്കി.

സസ്‌പെൻഷൻ മൂലം പുറത്തിരുന്ന എംബാപ്പയുടെ അഭാവത്തിൽ നീസിന്റെ മൈതാനത്ത് ഇറങ്ങിയ പിഎസ്‌ജിക്ക് മത്സരത്തിൽ യാതൊരു വിധത്തിലും ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. ഗോൾരഹിത സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തിന്റെ എൺപത്തിയെട്ടാം മിനുട്ടിൽ ആൻഡി ഡെലോർട്ടാണ് നീസിന്റെ വിജയഗോൾ നേടിയത്. ഇതോടെ പിഎസ്‌ജിയോട് അവസാനം ഏറ്റു മുട്ടിയ മൂന്നു ലീഗ് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെ രണ്ടു വിജയം സ്വന്തമാക്കാൻ നീസിനായി.

"ഈ മത്സരം ഒരു സമനിലയിൽ അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്. കാരണം ആരും വിജയിക്കാൻ വേണ്ടി കാര്യമായി ഒന്നും ചെയ്‌തില്ല. ഞങ്ങൾക്ക് മത്സരത്തിൽ നിയന്ത്രണം ഉണ്ടായിരുന്നു, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. പക്ഷെ അതിനിടയിൽ ഒരു ഗോൾ വഴങ്ങി ഞങ്ങൾ പരാജയപ്പെട്ടു, വിശകലനം ചെയ്യാൻ അധികമൊന്നുമില്ല. നിങ്ങൾക്ക് ജയിക്കാൻ കഴിയില്ലെങ്കിലും തോൽക്കാതിരിക്കേണ്ട സമയങ്ങളുണ്ട്." പോച്ചട്ടിനോ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരം വരാനിരിക്കെ ഈ മത്സരത്തിലെ തോൽ‌വിയിൽ നിരാശരായി നിൽക്കാൻ പിഎസ്‌ജി തയ്യാറല്ലെന്ന് പോച്ചട്ടിനോ പറഞ്ഞു. നടക്കാൻ പോകുന്ന, എല്ലാവരും കാത്തിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം പിഎസ്‌ജി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

"എല്ലാവരും സ്വപ്‌നം കാണുന്ന, പാരീസിലെ എല്ലാവരും കാത്തിരിക്കുന്ന ഒരു മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഞങ്ങൾ. ബുധനാഴ്‌ച നടക്കാനിരിക്കുന്നത് വ്യത്യസ്‌തമായ മത്സരവും വ്യത്യസ്‌ത എതിരാളികളും വ്യത്യസ്‌ത ടൂർണമെന്റും ആയിരിക്കും. ഞങ്ങൾക്ക് ആവശ്യമുള്ള മത്സരം തന്നെ ടീം കളിക്കുമെന്നതിൽ എനിക്ക് സംശയമില്ല." പോച്ചട്ടിനോ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit